Saturday, November 15, 2025

ചെൽസിക്ക് ഈ സീസൺ പൂർത്തിയാക്കാൻ കഴിയുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്ന് പീറ്റർ ചെക്ക്

ലണ്ടൻ : ചെൽസി ഉടമയായ റോമൻ അബ്രമോവിച്ചിനെതിരെ ബ്രിട്ടീഷ് ഗവൺമെന്റ് നടപടി സ്വീകരിച്ചത് ക്ലബിന്റെ പ്രവർത്തനങ്ങളെ ബാധിച്ചതോടെ ഈ സീസൺ പൂർത്തിയാക്കാൻ കഴിയുമെന്ന കാര്യത്തിൽ തീർച്ചയില്ലെന്നു വെളിപ്പെടുത്തി ചെൽസിയുടെ ടെക്‌നിക്കൽ ആൻഡ് പെർഫോമൻസ് അഡ്വൈസർ പീറ്റർ ചെക്ക്. ചെൽസി ഓരോ ദിവസത്തെയും പ്രവർത്തനങ്ങളെ മാത്രം നോക്കിയാണ് മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യുക്രൈനെതിരെയുള്ള റഷ്യൻ അധിനിവേശത്തെ തുടർന്നാണ് റഷ്യൻ പൗരനായ റോമൻ അബ്രമോവിച്ചിനെതിരെ ബ്രിട്ടൻ നടപടി സ്വീകരിച്ചത്. ചെൽസിയെ വിൽക്കാനുള്ള അബ്രമോവിച്ചിന്റെ നീക്കങ്ങൾ തടഞ്ഞ ഗവണ്മെന്റ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് നിരവധി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുമെങ്കിലും താരങ്ങളെ സ്വന്തമാക്കാൻ കഴിയില്ല, കരാർ പുതുക്കാനാവില്ല, ക്ലബിന്റെ മത്സരങ്ങളുടെ ടിക്കറ്റുകളും ഉൽപ്പന്നങ്ങളും വിൽക്കാൻ കഴിയില്ല, എവേ മത്സരങ്ങൾക്കായി യാത്ര ചെയ്യാനുള്ള പണത്തിലുള്ള നിയന്ത്രണം എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ക്ലബിന്റെ ഇതിഹാസവും ഒഫിഷ്യലുമായ ചെക്ക് മറുപടി പറഞ്ഞത്.

“ഞങ്ങൾ ഓരോ ദിവസത്തെ മാത്രം കാര്യങ്ങൾ നോക്കിയാണ് മുന്നോട്ടു പോകുന്നതെന്ന് അംഗീകരിക്കുന്നു, ഇതൊന്നും ഞങ്ങളുടെ കൈകളിലല്ല. ചർച്ചകൾ നടക്കുന്നുണ്ട്, ഈ സീസൺ പൂർത്തിയാക്കാൻ കഴിയുന്ന തരത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു.” ചെക്ക് സ്കൈ സ്പോർട്സിനോട് പറഞ്ഞു.

സാഹചര്യങ്ങൾ പ്രതികൂലമാകാനുള്ള സാധ്യതയുള്ളപ്പോൾ തന്നെ സീസൺ മുഴുമിക്കാനും പ്രീമിയർ ലീഗിൽ ഉൾപ്പെട്ട എല്ലാവരെയും സഹായിക്കാനും കഴിയുമെന്ന പ്രതീക്ഷയും ചെക്ക് പ്രകടിപ്പിച്ചു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് എന്താണ് സംഭവിക്കുകയെന്നു പറയാൻ കഴിയില്ലെന്നാണ് പരിശീലകൻ തോമസ് ടുഷെലും മറുപടി നൽകിയത്.

കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് വിജയികളായ ചെൽസി നിലവിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്താണ്. നടപടി നീണ്ടു പോയാൽ ഈ സീസണോടെ കരാർ അവസാനിക്കുന്ന നിരവധി താരങ്ങളെ അവർക്കു നഷ്‌ടമാകുമെന്ന വെല്ലുവിളിയും ചെൽസിക്കു മുന്നിലുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!