തിരുവനന്തപുരം : സി പി ഐ (എം)ന് രാജ്യസഭയിലേക്കും പുതിയ മുഖം. എ.എ റഹീം രാജ്യസഭാ സ്ഥാനാർത്ഥിയാവും. യുവപ്രാതിനിധ്യം പരിഗണിച്ചാണ് ഡിവിഐഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനായ എ.എ റഹീമിനെ രാജ്യസഭയിലേക്ക് അയക്കാൻ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
2011ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച എറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, കേരളാ സർവ്വകലാശാല സിൻഡിക്കേറ്റംഗം, സർവ്വകലാശാലാ യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
ഇന്നലെ രാജ്യസഭാ സീറ്റ് സിപിഐയ്ക്കും സി പി ഐ (എം)നും നൽകാൻ എകെജി സെന്ററിൽ ചേർന്ന എൽഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. പിന്നാലെ കണ്ണൂർ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാറിനെ സിപിഐ സ്ഥാനാർത്ഥിയായി സിപിഐയുടെ സംസ്ഥാന കൗൺസിൽ യോഗത്തിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.