മുംബൈ: ഇന്ത്യ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ ബിസിസിഐയുടെ ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു ശാരീരികക്ഷമതാ പരിശോധന.ഇതോടെ, ഐപിഎല്ലില്‍ ഹര്‍ദ്ദിക് ഗുജറാത്ത് ടൈറ്റന്‍സില്‍ കളിക്കുമെന്നുറപ്പായി. അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സ് താരം പൃഥ്വി ഷാ ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടു.
16.5 പോയിന്‍റാണ് ടെസ്റ്റ് പാസാവാന്‍ വേണ്ടത്. പൃഥ്വിക്ക് 15 പോയിന്‍റേ നേടാന്‍ കഴിഞ്ഞൊള്ളു. എങ്കിലും, ഐപിഎല്ലില്‍ കളിക്കാന്‍ പൃഥ്വിക്ക് തടസമുണ്ടാവില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഹര്‍ദ്ദിക് പാണ്ഡ്യ പന്തെറിഞ്ഞതായാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. താരം 135 കിലോമീറ്റര്‍ വേഗം കണ്ടെത്തി. ഫിറ്റ്നസ് ടെസ്റ്റില്‍ 17 പോയിന്‍റിലധികം താരത്തിന് ലഭിക്കുകയും ചെയ്‌തു.
ഹര്‍ദ്ദിക് പാണ്ഡ്യ മാത്രമല്ല, നിശ്ചിത ഓവര്‍ ക്രിക്കറ്റ് കളിക്കുന്ന താരങ്ങളെല്ലാം എന്‍സിഎയില്‍ എത്തിയിട്ടുണ്ട്. അടുത്ത ടി20 ലോകകപ്പിന് മുൻപ് മികച്ച ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് താരങ്ങളെ എന്‍സിഎയിലേക്ക് വിളിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ക്യാമ്പിലുണ്ട്.