റിയാദ് : ശനിയാഴ്ച രാത്രി സൗദി അറേബ്യയിൽ നാല് പ്രദേശങ്ങളിൽ ഹൂതികളുടെ ഡ്രോൺ ആക്രമണം. സൗദിയിലെ സിവിലിയൻ, സാമ്പത്തിക സൗകര്യങ്ങൾ ലക്ഷ്യമിട്ടാണ് ഹൂതികൾ ആക്രമണം നടത്തുന്നതെന്നു സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം അറിയിച്ചു.
അൽ ഷാഖിഖിലെ ജലശുദ്ധീകരണ പ്ലാന്റിനും ജസാനിലെ അരാംകോ പ്ലാന്റിനും നേരെ ആക്രമണം ഉണ്ടായി. ഖാമിസ് മുഷൈത്തിലെ ഗ്യാസ് സ്റ്റേഷനിൽ ഹൂതി ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റില്ലെന്നു സൗദി സഖ്യസേന അറിയിച്ചു.
സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം തെക്കൻ സൗദി അറേബ്യയിലേക്ക് വിക്ഷേപിച്ച നാല് ഡ്രോണുകൾ തടഞ്ഞ് നശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗൾഫ് കോർപ്പറേഷൻ കൗൺസിലിന്റെ ചർച്ചയ്ക്കുള്ള ആഹ്വാനത്തിനുള്ള മറുപടിയാണ് സാമ്പത്തിക, സിവിൽ സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം വർധിപ്പിക്കുന്നതെന്ന് സഖ്യം പറഞ്ഞു.
തെക്കൻ ദഹ്‌റാൻ അൽ ജനുബ് നഗരത്തിലെ ഒരു പവർ സ്റ്റേഷനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും സഖ്യസേന കൂട്ടിച്ചേർത്തു.