ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) ഒരു റണ്‍വേ താത്കാലികമായി അടയ്ക്കുന്നു. മേയ് ഒമ്പത് മുതല്‍ ജൂണ്‍ 22 വരെയാണ് റണ്‍വെ അടച്ചിടുക. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ദുബായ് വിമാനത്താവള അധികൃതരുടെ തീരുമാനം. സുരക്ഷ കൂട്ടാനും വിമാന സര്‍വീസുകളുടെ കാര്യക്ഷമത ഉറപ്പാക്കാനുമാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
ചൊവ്വാഴ്ച ഫ്ലൈ ദുബായ് പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച്, DWC യിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ സൗജന്യ പാർക്കിംഗ് ആസ്വദിക്കാം. കൂടാതെ, ഓരോ 30 മിനിറ്റിലും DXB, DWC എന്നിവിടങ്ങളിലെ എല്ലാ ടെർമിനലുകൾക്കുമിടയിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഒരു കോംപ്ലിമെന്ററി ബസ് സർവീസ് നൽകും.
“യാത്രക്കാരുടെ യാത്രാ പദ്ധതികൾക്ക് ഏറ്റവും കുറഞ്ഞ തടസ്സം ഉറപ്പാക്കാൻ” നവീകരണ പദ്ധതിയുടെ കാലയളവിൽ DWC-യിൽ നിന്ന് 34 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈറ്റുകൾ നടത്തുമെന്ന് flydubai പറഞ്ഞു.
2019ല്‍ സമാനമായ രീതിയിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. തെക്ക് ഭാഗത്തെ റണ്‍വേയായിരുന്നു അന്ന് അടച്ചു അറ്റകുറ്റപ്പണി നടത്തിയത്. ഏറ്റവുമധികം അന്താരാഷ്ട്ര യാത്രക്കാര്‍ ആശ്രയിക്കുന്ന വിമാനത്താവളമായതിനാല്‍ സര്‍വീസുകള്‍ തടസ്സമില്ലാതെ തുടരാന്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു.
ചില വിമാന സര്‍വീസുകള്‍ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് മാറ്റും. സര്‍വീസുകളുടെ എണ്ണം കുറയ്ക്കുന്നതിനും പദ്ധതികളുണ്ട്. ഇത് സംബന്ധിച്ച പദ്ധതികള്‍ തയ്യാറാക്കാന്‍ എല്ലാ വിമാനക്കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.