ലാഹോര്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍(Pakistan vs Australia 3rd Test) പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡ്.
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 391 റണ്‍സിന് മറുപടിയായി മൂന്നാം ദിനം അവസാന സെഷനില്‍ പാക്കിസ്ഥാന്‍ 268 റണ്‍സിന് ഓള്‍ ഔട്ടായി.123 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഓസീസ് മൂന്നാം ദിനം കളി നടത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 11 റണ്‍സെടുത്തിട്ടുണ്ട്. ഏഴ് റണ്‍സോടെ ഉസ്മാന്‍ ഖവാജയും നാല് റണ്‍സുമായി ഡേവിഡ് വാര്‍ണറും ക്രീസില്‍. പത്ത് വിക്കറ്റ് ശേഷിക്കെ ഓസീസിനിപ്പോള്‍ 134 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ പാക്കിസ്ഥാനെ അസ്ഹര്‍ അലിയും അബ്ദുള്ള ഷഫീഖും ചേര്‍ന്ന് 170 റണ്‍സിലെത്തിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 81 റണ്‍സെടുത്ത ഷഫീഖിനെ പുറത്താക്കി നഥാന്‍ ലിയോണാണ് ഓസീസിന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ടീം സ്കോര്‍ 200 കടന്നതിന് പിന്നാലെ അസ്ഹര്‍ അലിയെ(78) കമിന്‍സ് സ്വന്തം ബൗളിംഗില്‍ പിടികൂടി.214-3 എന്ന മികച്ച നിലയിലായിരുന്ന പാക്കിസ്ഥാന് അവസാന ഏഴ് വിക്കറ്റുകള്‍ 54 റണ്‍സെടുക്കുന്നതിനിടെയാണ് നഷ്ടമായത്. 67 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസം പൊരുതിയപ്പോള്‍ ഫവാദ് ആലം(13), മുഹമ്മദ് റിസ്‌വാന്‍(1), സാജിജ് ഖാന്‍(6) എന്നിവര്‍ നിരാശപ്പെടുത്തി
ബാബറിനെയും ആലത്തെയും റിസ്‌വാനെയും പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്കാണ് പാക്കിസ്ഥാന്‍റെ നടുവൊടിച്ചത്. പിന്നാലെ വാലറ്റത്തെ അതിവേഗം മടക്കി പാറ്റ് കമിന്‍സ് പാക് തകര്‍ച്ച പൂര്‍ണമാക്കി. 56 റണ്‍സിന് കമിന്‍സ് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ സ്റ്റാര്‍ക്ക് 33 റണ്‍സിന് നാല് വിക്കറ്റെടുത്തു. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും സമനിലയില്‍ അവസാനിച്ചതിനാല്‍ മൂന്നാം ടെസ്റ്റ് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.