Monday, May 25, 2026

വിദേശ തൊഴിലാളികളെ കുറയ്ക്കും; കാനഡയിൽ 10,000 പ്രാദേശിക ജീവനക്കാരെ നിയമിക്കാൻ ടിം ഹോർട്ടൺസ്

ടൊറന്റോ: കാനഡയിലെ പ്രമുഖ ഫുഡ് ആൻഡ് കോഫി ശൃംഖലയായ ടിം ഹോർട്ടൺസ് തങ്ങളുടെ റസ്റ്റോറന്റുകളിലേക്ക് 10,000 ത്തോളം പ്രാദേശിക ജീവനക്കാരെ പുതുതായി നിയമിക്കും. വിദേശ താൽക്കാലിക തൊഴിലാളി (TFW) പദ്ധതിയെ അമിതമായി ആശ്രയിക്കുന്നു എന്ന വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് കമ്പനിയുടെ ഈ നിർണ്ണായക ചുവടുമാറ്റം. ഈ വർഷം മാർച്ചിലും ഏപ്രിലിലുമായി രാജ്യത്തുടനീളം നാനൂറോളം തൊഴിൽ മേളകൾ കമ്പനി സംഘടിപ്പിച്ചു കഴിഞ്ഞു. പ്രാദേശിക ഉദ്യോഗാർത്ഥികളെ കണ്ടെത്താനുള്ള ഈ ഊർജ്ജിത ശ്രമം ഈ വർഷം മുഴുവൻ തുടരുമെന്നും കമ്പനി അധികൃതർ അറിയിച്ചു. കാനഡയിലുടനീളം 80 പുതിയ സ്റ്റോറുകൾ തുറക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ വൻ തൊഴിൽ റിക്രൂട്ട്‌മെന്റ്. അമേരിക്കൻ കോഫി ശൃംഖലയായ Dunkin കാനഡയിലേക്ക് വീണ്ടും തിരിച്ചെത്തുന്നതിന് മുന്നോടിയായി വിപണിയിലെ മേധാവിത്വം നിലനിർത്തുക കൂടിയാണ് ടിം ഹോർ ട്ടൺസിന്റെ ലക്ഷ്യം. കൊവിഡ് മഹാമാരിക്ക് ശേഷം 2021-ൽ രാജ്യത്ത് അനുഭവപ്പെട്ട കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് ടിം ഹോർട്ടൺസ് വലിയ തോതിൽ വിദേശ തൊഴിലാളികളെ ആശ്രയിച്ചു തുടങ്ങിയത്. വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള ചട്ടങ്ങളിൽ ഇളവ് നിലനിർത്താൻ കമ്പനി മുൻപ് ഫെഡറൽ സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു. പ്രതിപക്ഷ കക്ഷികളായ കൺസർവേറ്റീവ്, എൻ.ഡി.പി (NDP) പാർട്ടികൾ ഇതിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.

എന്നാൽ, നിലവിൽ തങ്ങളുടെ ആകെ ജീവനക്കാരിൽ വെറും 3.6 ശതമാനം (ഏകദേശം 4,000 പേർ) മാത്രമാണ് വിദേശ താൽക്കാലിക തൊഴിലാളികളായി ഉള്ളതെന്നും, കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകളിൽ മാത്രമാണ് ഇവരെ നിയമിച്ചിട്ടുള്ളതെന്നും കമ്പനി വക്താവ് മൈക്കൽ ഒലിവേര വ്യക്തമാക്കി. തങ്ങൾ എപ്പോഴും പ്രാദേശിക കമ്മ്യൂണിറ്റികളിൽ നിന്നുള്ളവർക്ക് ജോലി നൽകാനാണ് മുൻഗണന നൽകുന്നതെന്നും വിദേശ തൊഴിലാളി പദ്ധതിയെക്കുറിച്ച് വലിയ തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022-ൽ കനേഡിയൻ ഫെഡറൽ സർക്കാർ റെസ്റ്റോറന്റ് ഉൾപ്പെടെയുള്ള മേഖലകളിൽ വിദേശ തൊഴിലാളികളുടെ പരിധി 10 ശതമാനത്തിൽ നിന്നും 30 ശതമാനമായി ഉയർത്തിയിരുന്നു. എന്നാൽ പിന്നീട് 2024-ൽ ഈ പരിധി വീണ്ടും 10 ശതമാനമായി സർക്കാർ വെട്ടിച്ചുരുക്കി. കാനഡയിലെ യുവാക്കൾക്ക് നിലവിൽ തൊഴിൽ വിപണിയിൽ കടുത്ത മത്സരം നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ, ടിം ഹോർട്ടൺസ് പ്രാദേശിക ഉദ്യോഗാർത്ഥികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കനേഡിയൻ ജനതയ്ക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വലിയ ആശ്വാസമാകുമെന്നാണ്‌ വിലയിരുത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!