ന്യൂ ഡൽഹി : ഇന്ത്യയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ചെെനീസ് വദേശകാര്യ മന്ത്രി വാങ് യി. 2020 ജൂണിലെ ഗാൽവാൻ സംഘർഷത്തിനും തുടർന്നുള്ള കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കത്തിനും ശേഷം ഒരു ഉന്നതതല ചൈനീസ് ഉദ്യോഗസ്ഥൻ്റെ ആദ്യ സന്ദർശനമാണ് ഇത്.
നാളെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന. പാകിസ്താനിലെ ഇസ്‌ലാമാബാദിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ (ഒഐസി) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ജമ്മു കശ്മീരിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പരാമർശത്തിൽ രാഷ്ട്രീയ രോഷം ഉയരുന്നതിനിടെയാണ് സന്ദർശനം എന്നതും പ്രാധാന്യം അർഹിക്കുന്നു.
കശ്മീർ വിഷയത്തിൽ നിരവധി ഇസ്ലാമിക സുഹൃത്തുക്കളുടെ ആശങ്കകൾ തങ്ങൾ കേൾക്കുന്നവെന്നും ചൈനയും ഇക്കാര്യത്തിൽ ആശങ്കാകുലരാണെന്നുമാണ് വാങ് യി ഇസ്ലാമാബാദിൽ പ്രസ്താവന നടത്തിയത്. എന്നാൽ ഇതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു.
ജമ്മു കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും, ഇക്കാര്യത്തിൽ അഭിപ്രായം പറയുവാൻ ചൈനയ്ക്ക് അവകാശമില്ലെന്നും ഇന്ത്യ പ്രതികരിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ അഭിപ്രായങ്ങൾ തങ്ങൾ മുഖവിലക്കെടുക്കുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
“ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഉദ്ഘാടനച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിനിടെ കശ്മീരിനെ കുറിച്ചു നടത്തിയ പരാമർശത്തെ രാജ്യം അപലപിക്കുന്നു. കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഇക്കാര്യത്തിൽ ചൈന ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾക്ക് അഭിപ്രായം പറയാൻ അവകാശമില്ല. ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങൾ പരസ്യമായി വിലയിരുത്തുന്നതിനോടു ഞങ്ങൾക്ക് താല്പര്യമില്ല.”- വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കിയിരുന്നു.
2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ ഏറ്റുമുട്ടിയതോടെയാണ് ഇന്ത്യ-ചൈന വിഷയം വഷളായത്. അതിനുശേഷം നിരവധി തവണ നയതന്ത്ര, സൈനിക തലത്തിലുള്ള ചർച്ചകളിലൂടെ ഇരുവശത്തുനിന്നും ഭാഗികമായി സൈന്യത്തെ പിൻവലിച്ചിരുന്നു. ശേഷിക്കുന്ന മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മാർച്ച് 15 ന് ഇരുരാജ്യങ്ങളും തമ്മിലുള്ള 15-ാം റൗണ്ട് ഉന്നതതല സൈനിക ചർച്ചകൾ നടന്നിരുന്നു. 20 ഇന്ത്യക്കാരും നിരവധി ചൈനീസ് സൈനികരും കൊല്ലപ്പെട്ട 2020-ലെ ഏറ്റുമുട്ടലിനു മുമ്പുള്ള നയതന്ത്ര സ്ഥിതിയിലേക്ക് ഇരു രാജ്യങ്ങളും ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നുള്ളതാണ് വാസ്തവം.