ഹാലിഫാക്സ്: മുനിസിപ്പൽ ഓഡിറ്റർ ജനറൽ ചൂണ്ടിക്കാട്ടിയ ചില സാമ്പത്തിക ഇടപാടുകളെ തുടർന്ന് ഹാലിഫാക്സ് മേയർ ആൻഡി ഫിൽമോറിന്റെ ഓഫീസ് ചിലവുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മേയറുടെ ഓഫീസ് നടത്തിയ നാല് ഇടപാടുകൾ നഗരസഭയുടെ ടെൻഡർ ചട്ടങ്ങൾ ലംഘിച്ചാണ് നടന്നതെന്ന് ഹാലിഫാക്സ് ഓഡിറ്റർ ജനറൽ കണ്ടെത്തിയിരുന്നു.
മതിയായ ക്വട്ടേഷനോ മുൻകൂർ അനുമതിയോ ഇല്ലാതെ നേരിട്ടാണ് ചില സേവനങ്ങൾക്കായി കരാർ ഒപ്പിട്ടതും പണം നൽകിയതും. നിയമവിരുദ്ധമായ പണമിടപാടുകൾ നടന്നതായി സംശയിക്കുന്നതിനാലാണ് ഓഡിറ്റർ ജനറൽ ഈ വിഷയം ആർ.സി.എം.പി (RCMP) പൊലീസിന് കൈമാറിയത്.

അതേസമയം, തന്റെ ഓഫീസിൽ നടന്നത് ചില വീഴ്ചകൾ മാത്രമാണെന്നും, നടപടിക്രമങ്ങൾ പാലിക്കാത്തതിന് മേയറുടെ ഓഫീസ് ഇതിനകം തന്നെ നഗരസഭയ്ക്ക് തുക തിരിച്ചടച്ചതായും മേയർ ആൻഡി ഫിൽമോർ വ്യക്തമാക്കി.
