ഹാലിഫാക്സ്: കാനഡയിലെ നോവസ്കോഷ പ്രവിശ്യയിലെ പിക്ടോ കൗണ്ടിയിൽ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന അത്യാധുനിക മുന്നറിയിപ്പ് സംവിധാനം അജ്ഞാതർ നശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) വ്യക്തമാക്കി.
ലോഗൻ റോഡിൽ സ്ഥാപിച്ചിരുന്ന അഡ്വാൻസ്ഡ് പെഡസ്ട്രിയൻ വാർണിംഗ് സിസ്റ്റമാണ് തകർക്കപ്പെട്ടത്. 20,000 കനേഡിയൻ ഡോളറിലധികം ചെലവഴിച്ചാണ് ഈ സംവിധാനം സ്ഥാപിച്ചിരുന്നത്. റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാരെക്കുറിച്ച് വാഹനമോടിക്കുന്നവർക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകാൻ സാധിക്കും.
കുന്നിൻ മുകളിലൂടെയും മറ്റും വരുന്ന വാഹനങ്ങൾക്ക്, റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ലൈറ്റുകൾ വഴി മുൻകൂട്ടി നൽകുന്നതായിരുന്നു ഈ സംവിധാനം. ഇതിലൂടെ അപകടസാധ്യത കുറയ്ക്കാനായിരുന്നു ലക്ഷ്യം.ജൂൺ 7നും ജൂൺ 11നും ഇടയിലായിരിക്കാം നാശനഷ്ടം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് മുന്നറിയിപ്പ് സംവിധാനം പൂർണമായും പ്രവർത്തനരഹിതമായതായി അധികൃതർ അറിയിച്ചു.
സംവിധാനം പുനഃസ്ഥാപിക്കുന്നതിന് ഏകദേശം 10,000 കനേഡിയൻ ഡോളർ ചെലവ് വരുമെന്നാണ് കണക്ക്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ പിക്ടോ കൗണ്ടി ഡിസ്ട്രിക്ട് ആർസിഎംപിയെ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർഥിച്ചു.പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.
