കീവ് : റഷ്യയും ഉക്രെയ്നും തടവുകാരെ കൈമാറിയാതായി ഉക്രെയ്ൻ അധികൃതർ. ഒരു മാസം മുമ്പ് മോസ്കോ ഉക്രെയ്ൻ അധിനിവേശം ആരംഭിച്ചതിനു ശേഷമുള്ള ആദ്യത്തെ സൈനികരുടെ കൈമാറ്റമാണെന്ന് കീവ് വ്യാഴാഴ്ച പ്രഖ്യാപിച്ചു.
“പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ ഉത്തരവിനെത്തുടർന്ന്, യുദ്ധത്തടവുകാരുടെ ആദ്യത്തെ സമ്പൂർണ്ണ കൈമാറ്റം നടന്നതായി,” ഉക്രേനിയൻ വൈസ് പ്രധാനമന്ത്രി ഐറിന വെരേഷ്‌ചുക്ക് ഫേസ്ബുക്കിലൂടെ അറിയിച്ചു.
“പിടികൂടപ്പെട്ട 10 അധിനിവേശക്കാർക്ക് പകരമായി ഞങ്ങളുടെ 10 സൈനികരെ ഞങ്ങൾ രക്ഷിച്ചു,” റഷ്യൻ, ഉക്രേനിയൻ സൈനികരെ പരാമർശിച്ച് അവർ പറഞ്ഞു.
കരിങ്കടൽ തുറമുഖ നഗരമായ ഒഡെസയ്ക്ക് സമീപം രക്ഷപ്പെടുത്തിയ 11 റഷ്യൻ സിവിലിയൻ നാവികരെ മോസ്‌കോയുടെ കൈവശമുള്ള 19 ഉക്രേനിയൻ സിവിലിയൻ കപ്പൽ ജീവനക്കാർക്ക് കൈമാറിയതായും വെരേഷ്‌ചുക്ക് പറഞ്ഞു.
കഴിഞ്ഞ മാസം അവസാനം ഉക്രെയ്ൻ അധിനിവേശം ആരംഭിച്ചതിന് ശേഷം മോസ്കോ രണ്ട് തടവുകാരുടെ കൈമാറ്റം പൂർത്തിയാക്കിയതായി റഷ്യയുടെ വിദേശകാര്യ മന്ത്രാലയം ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു.
റഷ്യൻ സൈന്യം പിടിച്ചെടുത്ത തെക്കു കിഴക്കൻ ഉക്രെയ്‌നിലെ നഗരമായ മെലിറ്റോപോളിന്റെ മേയർക്കായി ഒമ്പത് റഷ്യൻ തടവുകാരെ കൈമാറ്റം ചെയ്തതായി തിങ്കളാഴ്ച റഷ്യയുടെ മനുഷ്യാവകാശ ഓംബുഡ്‌സ്മാൻ ടാറ്റിയാന മോസ്‌കൽകോവ പറഞ്ഞു.