Monday, November 10, 2025

ഡെപ്യൂട്ടികളുടെ വെടിയേറ്റു മരിച്ചയാളുടെ കുടുംബത്തിന് 10.37 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം

പി.പി. ചെറിയാന്‍

ടെക്‌സസ് : രണ്ടു ഡപ്യൂട്ടികള്‍ ചേര്‍ന്നു വെടിവച്ചു കൊലപ്പെടുത്തിയ ഗില്‍ബര്‍ട്ട് ഫ്‌ലോര്‍സിന്റെ കുടുംബാംഗങ്ങള്‍ക്ക് 10.37 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബാക്ലര്‍ കൗണ്ടി ജൂറി വിധിച്ചു. റോബര്‍ട്ട് ഡാഞ്ചസ്, ഗ്രോഗ് ഹസ്‌ക്വസ് എന്നീ ഷെറിഫ് ഡപ്യൂട്ടികളാണു നഷ്ടപരിഹാരതുക നല്‍കേണ്ടത്.

2015 ഓഗസ്റ്റ് 28ന് സാന്‍അന്റോണിയായിലെ ഒരു വീട്ടിലായിരുന്നു സംഭവം. മകന്‍ വീട്ടില്‍ ബഹളം വയ്ക്കുന്നുവെന്നും ഭാര്യയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്നും ഗില്‍ബര്‍ട്ടിന്റെ അമ്മ പൊലീസില്‍ വിളിച്ചറിയിച്ചു. സ്ഥലത്തെത്തിയ പൊലിസ് കയ്യില്‍ കത്തിയുമായി നില്‍ക്കുന്ന ഗില്‍ബര്‍ട്ടിനോട്‌ ൈകകള്‍ ഉയര്‍ത്താനും കത്തി താഴെയിടാനും നിര്‍ദേശിച്ചു. പലതവണ ആവശ്യപ്പെട്ടപ്പോള്‍ രണ്ടു കൈകളും ഉയര്‍ത്തിയെങ്കിലും കത്തി കയ്യില്‍ തന്നെ ഉണ്ടായിരുന്നു.

കത്തി താഴെ ഇടാന്‍ വിസമ്മതിച്ചതിനാല്‍ കത്തിയുമായി ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നു കരുതിയാണു വെടിയുതിര്‍ത്തതെന്നു പൊലിസ് പറഞ്ഞു.

മാതാവ് 911 വിളിച്ചു പൊലിസില്‍ വിവരം അറിയിച്ചപ്പോള്‍ തന്നെ മകന്‍ പൊലിസിനാല്‍ മരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്നറിയിച്ചിരുന്നു.

ഈ സംഭവത്തില്‍ ഒരു മാസത്തെ സസ്‌പെന്‍ഷനു ശേഷം ഇരു ഡപ്യൂട്ടികളും ജോലിയില്‍ തിരിച്ചെത്തുകയും ജൂറി ഇവര്‍ക്കെതിരെ കേസ്സെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു.

പിന്നീട് കുടുംബാംഗങ്ങള്‍ നല്‍കിയ സിവില്‍ കേസ്സിലാണ് ജൂറിയുടെ വിധി. പൊലിസ് ഗില്‍ബര്‍ട്ടിന്റെ സിവില്‍ റൈറ്റ്‌സ് ലംഘിച്ചുവെന്നും അമിതവും മരണത്തിനു കാരണമാകുന്നതുമായ ഫോഴ്‌സ് ഉപയോഗിച്ചെന്നും ജൂറി കണ്ടെത്തി.അമിത ഫോഴ്‌സ് ഉപയോഗിക്കുന്ന അമേരിക്കന്‍ ഷെറിഫുകള്‍ക്ക് ഈ വിധി ഒരു മുന്നറിയിപ്പാണെന്ന് അറ്റോര്‍ണി തോമസ് ഹെന്‍ട്രി പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!