ബ്രാംപ്ടൺ : തിങ്കളാഴ്ച പുലർച്ചെ ബ്രാംപ്ടണിൽ ഒരു വീടിന് തീപിടിച്ചതിനെ തുടർന്ന് മൂന്ന് കുട്ടികളടക്കം അഞ്ച് പേർ മരിച്ചതായി പീൽ റീജിയണൽ പോലീസ് അറിയിച്ചു. 11, എട്ട്, ആറ് വയസ്സ് പ്രായമുള്ള കുട്ടികളും മാതാപിതാക്കളുമാണ് മരിച്ചതെന്ന് ബ്രാംപ്ടൺ ഫയർ ചീഫ് ബിൽ ബോയ്സ് പറഞ്ഞു.
നസീർ, ഭാര്യ റേവൻ അവരുടെ മൂന്ന് മക്കളായ ലൈല, ജെയ്‌ഡൻ, ആലിയ എന്നിവരാണ് അഗ്നിബാധയെ തുടർന്ന് മരിച്ചത്.
സാൻഡൽവുഡ് പാർക്ക്‌വേയ്ക്കും കെന്നഡി റോഡിനും സമീപമുള്ള കോൺസ്റ്റോഗ ഡ്രൈവിലുള്ള വീട്ടിലാണ് പുലർച്ചെ 2 മണിക്ക് ശേഷം തീപിടുത്തം ഉണ്ടായത്.
രക്ഷാപ്രവർത്തകർ വീടിനുള്ളിൽ നിന്നും രണ്ട് കുട്ടികളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുറച്ച് സമയത്തിന് ശേഷം ആശുപത്രിയിൽ വച്ച് കുട്ടികൾ മരിച്ചുവെന്ന് കോൺസ്റ്റബിൾ ഹീതർ കാനൻ പറഞ്ഞു. മൂന്നാമത്തെ കുട്ടിയെയും രണ്ട് മുതിർന്നവരെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
ഗുരുതരമായ പരിക്കുകളോടെ ഒരു മുതിർന്നയാളെ ഒരു ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചതായി കാനൻ പറഞ്ഞു. ആശുപത്രിയിലെ മുതിർന്ന വ്യക്തിയും കുടുംബവും തമ്മിലുള്ള ബന്ധം അജ്ഞാതമാണെന്നും അദ്ദേഹം പറഞ്ഞു.
വീടിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് മുതിർന്നവരെ നിസാര പരിക്കുകളോടെ വീടിന്റെ ബേസ്‌മെന്റിൽ നിന്ന് രക്ഷപ്പെട്ടതായി ബോയ്‌സ് പറഞ്ഞു. തീപിടിത്തത്തിന്റെ ഉത്ഭവം, കാരണം, സാഹചര്യം എന്നിവ നിർണ്ണയിക്കാൻ ഫയർ മാർഷലിന്റെ സഹായം തേടിയതായും അദ്ദേഹം അറിയിച്ചു.