കൊളംബോ : കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ശ്രീലങ്കയില്‍ പ്രതിഷേധങ്ങളും തുടരുകയാണ്. തലസ്ഥാനമായ കൊളംബോയില്‍ പ്രസിഡന്റിന്റെ വസതിയ്ക്ക് സമീപം അയ്യായിരത്തോളം ആളുകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രസിഡന്റ് ഗൊത്തബയ്യ രാജപക്സെയുടെ വസതിക്കു മുന്നിൽ നടന്ന പ്രതിഷേധം സംഘര്‍ഷത്തിൽ കലാശിച്ചു. സംഘര്‍ഷത്തില്‍ പൊലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. ശ്രീലങ്ക സ്വതന്ത്രമായതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യമാണ് രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നത്. അവശ്യ വസ്തുക്കള്‍ക്കും, ഇന്ധനത്തിനും കടുത്ത ക്ഷാമവും വില കയറ്റവുമാണ് രാജ്യത്തെ ജനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.
ഇന്നലെ വൈകുന്നേരത്തോടെ ഡീസലിന്റെ ലഭ്യത തീരെ കുറഞ്ഞു. ഏകദേശം 22 ദശലക്ഷത്തോളം ജനങ്ങളുള്ള ശ്രീലങ്കയില്‍ 13 മണിക്കൂറാണ് ഇന്നലെ വൈദ്യുതി തടസ്സപ്പെട്ടത്. വൈദ്യുതി ലാഭിക്കുന്നതിനായി തെരുവ് വിളക്കുകള്‍ വരെ അണച്ചിരിക്കുന്ന സാഹചര്യം സംജാതമായിരിക്കുകയാണ് ശ്രീലങ്കയില്‍.
ആശുപത്രികളില്‍ മരുന്നുകളുടെ ദൗര്‍ബല്യം കാരണം ശസ്ത്രക്രിയകള്‍ മാറ്റി വയ്ക്കേണ്ട സാഹചര്യം വരെയുണ്ട്. നേരത്തെ മഷിയും പേപ്പറും ലഭ്യമല്ലാതായതോടെ ശ്രീലങ്കയില്‍ പത്രങ്ങളുടെ അച്ചടി നിര്‍ത്തിയിരുന്നു. ഇതില്‍ എല്ലാം പൊറുതി മുട്ടിയാണ് ജനങ്ങള്‍ പ്രസിഡന്റ് ഗൊത്തബയ്യ രാജപക്സെ വീട്ടില്‍ ഇരുന്നാല്‍ മതിയെന്നും ഭരണത്തില്‍ ഇടപെടരുതെന്നുമുള്ള മുദ്രാവാക്യവുമായി പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിഷേധത്തില്‍ ജനങ്ങളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായി.സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഇടപെട്ടാണ് പ്രതിഷേധം നിയന്ത്രണ വിധേയമാക്കിയത്.