ഷാങ്ഹായ്: കൊവിഡ്-19 വ്യാപനം മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചൈനയുടെ വാണിജ്യനഗരമായ ഷാങ്ഹായിൽ ആയിരക്കണക്കിനാളുകൾ ഓഫീസുകളിൽ താമസിച്ച് ജോലി ചെയ്യുന്നുവെന്ന് റിപ്പോർട്ട്. ബാങ്കിംഗ് മേഖലയിലും വ്യവസായ രംഗത്തുമായി പ്രവർത്തിക്കുന്ന ഓഫീസുകളിലെ 20,000ത്തിലധികം ജീവനക്കാർ ഓഫീസുകളിൽ താമസിച്ച് ജോലി ചെയ്യുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കൊവിഡ് കേസുകൾ വർധിച്ചതോടെ ഷാങ്ഹായിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ജീവനക്കാർ ഓഫീസുകളിൽ താമസമാക്കി പ്രതിസന്ധി മറികടക്കാനുള്ള ശ്രമം ആരംഭിച്ചത്. സ്ഥാപനങ്ങളിലെ ജീവനക്കാർ ഓഫീസുകളിൽ നിന്ന് പുറത്ത് പോകുന്നത് കുറവാണ്. ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന 20,000ത്തിലധികം പേരും മറ്റ് തൊഴിലാളികളും ഷാങ്ഹായിലെ ലുജിയാസുയി ജില്ലയിലെ ഓഫീസ് മുറികളിൽ താമസിക്കുകയാണെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി.
കൊവിഡിൻ്റെ ഒന്നാം തരംഗവും രണ്ടാം തരംഗവും റിപ്പോർട്ട് ചെയ്തപ്പോൾ ചൈനയുടെ വാണിജ്യ തലസ്ഥാനമായ ഷാങ്ഹായിലെ ഓഫീസുകളിൽ ഭൂരിഭാഗവും അടച്ചിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ഓഫീസുകളിൽ പലതും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. കൊവിഡിൻ്റെ മൂന്നാം തരംഗം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ 26 മില്യൺ പേര്‍ താമസിക്കുന്ന ഷാങ്ഹായിൽ വീണ്ടും ലോക്ക്ഡൗൺ നിലവിൽ വന്നതോടെ ഓഫീസുകളുടെ പ്രവർത്തനങ്ങൾ താറുമാറാകുന്ന സാഹചര്യമുണ്ടായി. വൻ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് വ്യക്തമായതോടെ ഓഫീസുകളിൽ താമസിച്ച് ജോലി ചെയ്യാൻ ഇവർ തീരുമാനിക്കുകയായിരുന്നു.
വർക്ക് ഫ്രം ഹോം സംവിധാനം ഓഫീസുകളിൽ ഏർപ്പെടുത്തിയിരുന്നുവെങ്കിലും പ്രതീക്ഷിച്ച ഫലം കാണാത്തത് മൂലമാണ് ജീവനക്കാരെ ഓഫീസുകളിൽ താമസിപ്പിച്ച് ജോലി ചെയ്യിക്കുന്നതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച ഷാങ്ഹായിൽ ലോക്ക്ഡൗണിന് മുന്നോടിയായി പ്രധാന ഉദ്യോഗസ്ഥരെ ഓഫീസുകളിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ചില ഓഫീസുകൾ റൊട്ടേഷൻ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഷാങ്ഹായിൽ മാത്രം കഴിഞ്ഞ വർഷം 2,500 ട്രില്യൺ യുവാൻ ($292 ട്രില്യൺ) സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് റിപ്പോർട്ട്.
ലുജിയാസുയി നഗരത്തിലെ 285 ഓഫീസുകളിലായി ആയിരക്കണക്കിനാളുകളാണ് ജോലി ചെയ്യുന്നത്. മുതിർന്ന ഉദ്യോഗസ്ഥർ മുതൽ സാധാരണ ജീവനക്കാർ വരെ ഓഫീസുകളിൽ തുടരുകയാണ്. ജീവനക്കാർ മുഴുവൻ സമയവും ഓഫീസുകളിൽ തുടരുന്നതിനാൽ ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വർധിപ്പിച്ചു. ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഹീറ്ററില്‍ വെള്ളം ചൂടാക്കിയാണ് ഇവര്‍ കുളിക്കുന്നത്. സ്ലീപ്പിംഗ് ബാഗ് നിരത്തിയാണ് പലരും തറയിൽ കിടന്നുറങ്ങുന്നത്.