അർബുദരോഗം ബാധിച്ചതിനെ തുടർന്നുള്ള ചികിത്സയിലാണ് താനെന്ന് സ്ഥിരീകരിച്ച് നെതർലൻഡ്‌സ് പരിശീലകൻ ലൂയിസ് വാൻ ഗാൽ. ഡച്ച് ടിവി ഷോയായ ഹംബെർട്ടോയിലാണ് തനിക്ക് പ്രോസ്റ്റേറ്റ് കാൻസർ ആണെന്നും ഇരുപത്തിയഞ്ചു തവണ റേഡിയേഷനു വിധേയമായെന്നും അദ്ദേഹം വ്യക്തമാക്കിയത്.
മാർച്ച് അവസാനം നടന്ന രണ്ട് അന്താരാഷ്‌ട്രസൗഹൃദ മത്സരങ്ങൾക്കും ഹോളണ്ട് ടീമിനൊപ്പം വാൻ ഗാൽ ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, ബാഴ്‌സലോണ, ബയേൺ മ്യൂണിക്ക്, അയാക്‌സ് തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം തന്റെ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും താരങ്ങളിൽ നിന്നും മറച്ചു വെച്ചിരിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി.
“ചുരുങ്ങിയത് തൊണ്ണൂറു ശതമാനം കേസുകളിൽ എങ്കിലും പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച് മരിക്കാറില്ല. സാധാരണയായി നമ്മളെ കൊല്ലുന്നതു മറ്റു രോഗങ്ങളാണ്. എന്നാൽ എനിക്കിതിന്റെ രൂക്ഷമായ രൂപം ഉണ്ടായിരുന്നു. 25 തവണ റേഡിയേഷൻ നടത്തുകയും ചെയ്‌തു. അപ്പോൾ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഒരുപാട് കാര്യങ്ങൾ കൃത്യമായി നടപ്പിൽ വരുത്തേണ്ടതുണ്ട്.” വാൻ ഗാൽ പറഞ്ഞു.
വളരെ മികച്ച ചികിത്സയാണു തനിക്ക് ആശുപത്രിയിൽ നിന്നും ലഭിച്ചതെന്നും തന്റെ സ്വകാര്യത നിലനിർത്താൻ അവർ ഏറ്റവും നല്ല രീതിയിൽ തന്നെ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അടുപ്പമുള്ള ആളുകളിൽ നിന്നും ഒരു വിവരവും പുറത്തു പോയില്ലെന്നതും മനോഹരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാൻ ഗാലിന്റെ അസുഖവിവരം അദ്ദേഹം തന്നെ പുറത്തു വിട്ടതിനു പിന്നാലെ പിന്തുണയുമായി മുൻ ക്ലബുകളായ ബാഴ്‌സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും എത്തിയിട്ടുണ്ട്. അതേസമയം അദ്ദേഹത്തിന്റെ അസുഖം മൂലം ലോകകപ്പിൽ ഹോളണ്ടിനെ നയിക്കുന്നതിൽ നിന്നും മാറ്റി നിർത്താനുള്ള സാധ്യതയില്ല.