അഖില സുരേഷ്
ഏറെ പ്രതീക്ഷയോടെയെത്തിയ ‘ലാൽ സിങ് ഛദ്ദ’യ്ക്ക് ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും പുതിയ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ആമിർ ഖാൻ. ഇത്തവണയും ഒരു റീമേക്ക് തന്നെയായിരിക്കും ആമിർ ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്. സ്പാനിഷ് ചിത്രമായ ‘ചാമ്പ്യൻസ്’ ആയിരിക്കും ആ ചിത്രമെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
അമേരിക്കയിലെ അവധിയാഘോഷം കഴിഞ്ഞ് തിരിച്ചെത്തിയാലുടൻ സൂപ്പർതാരം ഈ ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2023 ജനുവരിയിലായിരിക്കും ചിത്രീകരണം തുടങ്ങുക. ശുഭ് മംഗൾ സാവധാൻ എന്ന ചിത്രമൊരുക്കിയ ആർ.എസ് പ്രസന്നയായിരിക്കും ചിത്രം നിർമിക്കുക. ശങ്കർ-എഹ്സാൻ ലോയ് ടീം സംഗീതസംവിധാനം നിർവഹിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, നിരവധി പേരാണ് യൂട്യൂബിൽ ‘ചാമ്പ്യൻസി’ന്റെ ട്രെയിലറിൽ ആമിർ ഖാന്റെ പേര് കമന്റ് ചെയ്തിരിക്കുന്നത്. ആമിർ ഈ ചിത്രം ചെയ്താൽ നന്നായിരിക്കുമെന്നും ഈ ചിത്രം ചെയ്യാനായി ജനിച്ചയാളാണ് ആമിർ എന്നെല്ലാം കമന്റുകൾ നീളുന്നു.
ആഗസ്റ്റ് 11നാണ് ലാല്‍ സിംഗ് ഛദ്ദ തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ ചിത്രത്തിന് ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ആയില്ല. 126 കോടിയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരീന കപൂര്‍ ആണ് നായിക. ‘ത്രീ ഇഡിയറ്റ്സ്’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ആമിര്‍ ഖാന്, കരീന കപൂര്‍ ജോഡികള്‍ ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.
