വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, എത്രയും വേഗം യുക്തിപരമായ തീരുമാനമെടുക്കാനും കരാറിൽ ഒപ്പുവെക്കാനും ഇറാനോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവായുധങ്ങൾ സ്വന്തമാക്കാൻ ഇറാനെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആവർത്തിച്ച ട്രംപ്, ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ സമ്പദ്വ്യവസ്ഥയെയും എണ്ണ കയറ്റുമതിയെയും കൂടുതൽ പ്രതിസന്ധിയിലാക്കാൻ ലക്ഷ്യമിട്ട്, ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ ഉപരോധം തുടരാൻ ട്രംപ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
രണ്ടുമാസമായി തുടരുന്ന യുദ്ധത്തിന് അറുതി വരുത്താൻ ഒരു കരാർ ഒപ്പുവെക്കുന്നതിന് മുമ്പ്, ആദ്യം സംഘർഷം ഔദ്യോഗികമായി അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഇറാൻ. എന്നാൽ, ആണവ വിഷയങ്ങൾ ചർച്ചയുടെ തുടക്കത്തിൽ തന്നെ ഉൾപ്പെടുത്തണമെന്നാണ് ട്രംപിന്റെ കർശന ആവശ്യം. യുദ്ധം തുടങ്ങിയത് മുതൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള മറ്റ് രാജ്യങ്ങളുടെ കപ്പൽ ഗതാഗതം ഇറാൻ തടസ്സപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ, യുദ്ധം ഏകപക്ഷീയമായി അവസാനിപ്പിച്ചതായി ട്രംപ് പ്രഖ്യാപിച്ചാൽ ഇറാൻ എങ്ങനെ പ്രതികരിക്കുമെന്നത് സംബന്ധിച്ച് യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ആഭ്യന്തര രാഷ്ട്രീയ സമ്മർദ്ദങ്ങളും പ്രസിഡന്റ് എന്ന നിലയിലുള്ള ജനപ്രീതിയിലുണ്ടായ ഇടിവും ട്രംപിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്. ഇറാനിലെ ഉന്നത നേതാക്കളുടെ വധവും പുതിയ നേതൃത്വത്തിന്റെ കടന്നുവരവും ടെഹ്റാനെ കൂടുതൽ കടുപ്പമേറിയ നിലപാടിലേക്ക് നയിച്ചിട്ടുണ്ട്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ഇറാന്റെ തുറമുഖങ്ങളിലെ ഉപരോധം നീണ്ടുനിൽക്കുമെന്ന ഭീതി ആഗോള വിപണിയിൽ പ്രകടമാണ്. ഇതിനെത്തുടർന്ന് എണ്ണവിലയിൽ മൂന്ന് ശതമാനത്തോളം വർദ്ധനവുണ്ടായി. ഉപരോധം തുടർന്നാൽ ആഗോള ഊർജ്ജ വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നൽകി.
