അഞ്ചാംപനി ഇപ്പോള്‍ ആസന്നമായ ആഗോള ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) യുഎസ് പൊതുജനാരോഗ്യ ഏജന്‍സിയും അറിയിച്ചു.
മീസില്‍സ് വൈറസ് മൂലമുണ്ടാകുന്ന ഒരു സാംക്രമികരോഗമാണ് അഞ്ചാംപനി. വാക്‌സിനേഷന്‍ വഴി ഇത് പൂര്‍ണ്ണമായും തടയാനാകും. എന്നിരുന്നാലും, ഇതൊരു പകര്‍ച്ചവ്യാധി ആയതിനാല്‍ രോഗവ്യാപനം തടയാന്‍ 95 ശതമാനം വാക്‌സിന്‍ കവറേജ് ആവശ്യമാണ്.
ലോകാരോഗ്യ സംഘടനയുടെയും യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെയും (സിഡിസി) സംയുക്ത റിപ്പോര്‍ട്ട് അനുസരിച്ച്, കോവിഡ് -19 പാന്‍ഡെമിക് സൃഷ്ടിച്ച തടസ്സങ്ങള്‍ കാരണം 2021 ല്‍ ഏകദേശം 40 ദശലക്ഷം കുട്ടികള്‍ക്ക് അഞ്ചാംപനി വാക്‌സിന്‍ ഡോസ് നഷ്ടമായി.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മീസില്‍സ് കേസുകള്‍ ഗണ്യമായി വര്‍ദ്ധിച്ചിട്ടില്ലെങ്കിലും, ഇപ്പോള്‍ പ്രവര്‍ത്തിക്കാനുള്ള സമയമാണ്, ലോകാരോഗ്യ സംഘടനയുടെ മീസില്‍സ് ലീഡ് പാട്രിക് ഒ’കോണര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
രോഗബാധിതരുടെ ചുമയിലൂടെയും തുമ്മലിലൂടെയും വായുവിലൂടെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പകരുന്ന രോഗമാണ് അഞ്ചാംപനി. വായയിലെയോ മൂക്കിലെയോ സ്രവങ്ങളുമായോ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഇത് പകരാം.
രോഗബാധിതനായ വ്യക്തിയുമായി താമസസ്ഥലം പങ്കിടുന്ന പ്രതിരോധശേഷി കുറഞ്ഞ പത്തില്‍ ഒമ്പത് പേര്‍ക്കും ഈ രോഗം പിടിപെടും. പ്രായമായവരെയും ഈ രോഗം ബാധിക്കുമെങ്കിലും കുട്ടികളിലാണിത് സാധാരണയായി കണ്ടുവരുന്നത്. 6 മാസം മുതല്‍ 3 വയസ്സുവരെയുള്ള കുട്ടികളിലാണു പ്രധാനമായും രോഗം കണ്ടുവരുന്നത്.
ലക്ഷണം
പനിയാണ് ആദ്യ ലക്ഷണം. ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയുമുണ്ടാകും.4 ദിവസം പിന്നിടുമ്പോള്‍ ചെവിയുടെ പിന്നില്‍ നിന്നു തുടങ്ങി മുഖത്തേക്കു പടര്‍ന്നു ശരീരമാസകലം ചുവന്ന പൊട്ടുകള്‍ വരും.പനി ഭേദമാകുമെങ്കിലും വയറിളക്കം, ഛര്‍ദി, ശക്തമായ വയറു വേദന എന്നിവയുണ്ടാകും. വയറിളക്കത്തിനു കൃത്യ സമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ നിര്‍ജലീകരണം സംഭവിക്കാം.
