വടക്കന്‍ ഇറ്റലിയിലെ എമിലിയ-റൊമാഗ്‌ന മേഖലയില്‍ വെള്ളപ്പൊക്കത്തില്‍ എട്ട് പേര്‍ മരിച്ചു. കനത്ത മഴയെത്തുടര്‍ന്ന് തെരുവുകളില്‍ വെള്ളം നിറഞ്ഞു. വെള്ളം കയറിയതിനാല്‍ ആളുകള്‍ വീടുകളുടെ മേല്‍ക്കൂരയില്‍ അഭയം പ്രാപിക്കുകയാണ്. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ ജസീറ ബുധനാഴ്ചയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പ്രളയബാധിത മേഖലയില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ വാര്‍ഷിക മഴയുടെ പകുതിയും പെയ്തതായി സിവില്‍ പ്രൊട്ടക്ഷന്‍ മന്ത്രി നെലോ മുസുമേസി പറഞ്ഞു.
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഇമോലയുടെ തെക്ക്, ഫെന്‍സ, സെസീന, ഫോര്‍ലി തെരുവുകളിലൂടെ പാര്‍ക്ക് ചെയ്തിരുന്ന കാറുകളുടെ മേല്‍ക്കൂരകളിലേക്ക് ചെളി നിറഞ്ഞ വെള്ളം ഒഴുകി. പല കടകളിലും അഴുക്കുവെള്ളം നിറഞ്ഞതിനാല്‍ ആളുകള്‍ വീടിനു മുകളില്‍ അഭയം പ്രാപിച്ചു.
മുസുമേസിയുടെ കണക്കനുസരിച്ച് 50,000 പേര്‍ക്ക് വൈദ്യുതി ലഭ്യമല്ല. ദുരിതബാധിതര്‍ക്കായി ആവശ്യമായ സഹായവുമായി ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പറഞ്ഞു പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ട്വീറ്റ് ചെയ്തു. അടിയന്തര സേവനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
അതെസമയം ഇമോളയില്‍ ഞായറാഴ്ച നടക്കാനിരുന്ന കാര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പ് ഫോര്‍മുല വണ്‍ എമിലിയ റൊമാഗ്‌ന ഗ്രാന്‍ഡ് പ്രിക്‌സ് ബുധനാഴ്ച വെള്ളപ്പൊക്കം കാരണം മാറ്റിവച്ചു. ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച ജില്ലകളില്‍ ഒന്നാണ് ഈ പ്രദേശം. ”വെള്ളപ്പൊക്കം കാരണം ഞങ്ങളുടെ ആരാധകര്‍ക്കും ടീമുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഫോര്‍മുല വണ്‍ ഇവന്റുകള്‍ സുരക്ഷിതമായി നടത്താന്‍ കഴിയില്ല,” സംഘാടകര്‍ പ്രസ്താവനയിറക്കിയതായി വൃത്തങ്ങള്‍ അറിയിച്ചു.
