വാൻകൂവർ ഐലൻഡ് : ബ്രിട്ടീഷ് കൊളംബിയൻ തുറമുഖങ്ങളിലെ പണിമുടക്ക് ആറാം ദിവസത്തിലേക്ക് കടന്നതോടെ വാൻകൂവർ ഐലൻഡിലെ ചരക്ക് വിതരണത്തെ ബാധിക്കുന്നതായി റിപ്പോർട്ട്. ഇന്റർനാഷണൽ ലോംഗ്‌ഷോർ ആൻ വെയർഹൗസ് യൂണിയൻ കാനഡ അംഗങ്ങൾ ശനിയാഴ്ച രാവിലെ മുതൽ പണിമുടക്ക് ആരംഭിച്ചതോടെ നാനൈമോ ഉൾപ്പെടെ പ്രവിശ്യയിലുടനീളമുള്ള 30-ലധികം തുറമുഖങ്ങളിൽ ചരക്ക് വിതരണം പ്രതിസന്ധിയിലായി.
കാനഡയിലേക്ക് ഡെലിവറി ചെയ്യുന്ന എല്ലാ അന്താരാഷ്ട്ര ചരക്കുകളുടെയും ഏകദേശം 30 ശതമാനവും എത്തുന്ന വാൻകൂവറിൽ പണിമുടക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ദക്ഷിണ കൊറിയയിൽ നിന്നും വിക്ടോറിയയിലേക്ക് കാറുകൾ വിതരണം ചെയ്യുന്ന ഹ്യുണ്ടായ് കാർ ഡീലർഷിപ്പിന് ഇതിനകം തന്നെ പണിമുടക്ക് കാലതാമസത്തിനും റൂട്ടിങ്ങിനും കാരണമാകുന്നതായി ഡീലർഷിപ്പ് മാനേജർ ബ്രാൻഡൻ കോട് പറയുന്നു. പണിമുടക്കിനെ തുടർന്ന് കാറുകൾ കയറ്റിയെത്തുന്ന കപ്പലുകളിൽ ചിലത് സിയാറ്റിലിലേക്ക് റീഡയറക്‌ട് ചെയ്തതായും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ ഇറക്കുമതിയുടെയും കയറ്റുമതിയുടെയും 25 ശതമാനവും വാൻകൂവർ തുറമുഖത്തിലൂടെയും പടിഞ്ഞാറൻ തീരത്തെ മറ്റ് മറൈൻ ഗേറ്റ്‌വേകളിലൂടെയും നടക്കുന്നതിനാൽ രാജ്യസമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്.
