Thursday, May 21, 2026

ആൽബർട്ട കാനഡ വിടണമോ? ഹിതപരിശോധനയ്ക്ക് ശുപാർശ നൽകി പാർലമെന്ററി സമിതി; രാഷ്ട്രീയ അനിശ്‌ചിതത്വം

എഡ്മിന്റൻ: കാനഡയിൽ നിന്നും വേർപിരിയുന്നതുമായി ബന്ധപ്പെട്ട്‌ ആൽബർട്ടയിൽ രാഷ്ട്രീയ അനിശ്ചിതത്വം ശക്തമാകുന്നു. പ്രവിശ്യ കാനഡയിൽ നിന്ന് വേർപെട്ടു പോകണമോ എന്നതിനെച്ചൊല്ലി വരാനിരിക്കുന്ന ശരത്കാല ഹിതപരിശോധനയിൽ വോട്ടെടുപ്പ് നടത്താൻ ആൽബർട്ട നിയമസഭയുടെ പ്രത്യേക സമിതി ശുപാർശ ചെയ്തു. പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ ഭരണകക്ഷിയായ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (UCP) അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള സമിതിയാണ് ഈ വിവാദ തീരുമാനം എടുത്തത്. ഇതോടെ കാനഡയുടെ വിഭജനത്തിലേക്ക് വരെ നയിച്ചേക്കാവുന്ന വേർപിരിയൽ ഹിത പരിശോധനയ്ക്കുള്ള ഔദ്യോഗിക നടപടികൾക്ക് പ്രവിശ്യയിൽ വേഗമേറി.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സമിതിയിലെ നാല് യുസിപി അംഗങ്ങൾ പ്രമേയം അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്. തുടർന്ന് വിഷയം പ്രീമിയറുടെയും കാബിനറ്റിന്റെയും തീരുമാനത്തിനായി വിട്ടു. എന്നാൽ ഇതിന് തൊട്ടുമുമ്പത്തെ ദിവസം സമിതിയിൽ കടുത്ത നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു. സമിതി അംഗങ്ങൾ വിഷയം ചർച്ച ചെയ്യുന്നതിനും വോട്ടെടുപ്പ് നടത്തുന്നതിനും മുമ്പ് തന്നെ പ്രമേയം പാസ്സായതായും ഹിതപരിശോധനയ്ക്ക് ശുപാർശ ചെയ്തതായും കാണിച്ച് ഭരണകക്ഷിയായ യുസിപി മാധ്യമങ്ങൾക്ക് വാർത്താക്കുറിപ്പ് അയച്ചിരുന്നു. ഇത് പ്രതിപക്ഷമായ എൻഡിപി (NDP) സഭയിൽ വലിയ ആയുധമാക്കി മാറ്റി. ജനാധിപത്യത്തെ പരിഹസിക്കുന്ന രീതിയിലാണ് സർക്കാർ പെരുമാറുന്നതെന്നും, വോട്ടെടുപ്പ് ഫലം മുൻകൂട്ടി നിശ്ചയിച്ച നാടകമായിരുന്നു ഇതെന്നും പ്രതിപക്ഷം ആരോപിച്ചു. വാർത്താക്കുറിപ്പ് ജീവനക്കാരന് സംഭവിച്ച അബദ്ധമാണെന്ന് ഭരണപക്ഷം വിശദീകരിച്ചെങ്കിലും കടുത്ത പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ആദ്യ ദിവസത്തെ യോഗം വോട്ടെടുപ്പില്ലാതെ പിരിഞ്ഞിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം യുസിപി അംഗങ്ങൾ തങ്ങളുടെ ഭൂരിപക്ഷം ഉപയോഗിച്ച് പ്രമേയം പാസ്സാക്കുകയായിരുന്നു.

മുൻ ഡെപ്യൂട്ടി പ്രീമിയർ തോമസ് ലൂക്കാസുക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ‘ഫോറെവർ കാനഡ’ ) എന്ന പ്രൊഫെഡറൽ ഹർജിയാണ് ഇപ്പോൾ ഈ വോട്ടെടുപ്പിലേക്ക് വഴിമാറിയത്. കാനഡയിൽ നിന്ന് വേർപെട്ടുപോകാൻ ആഗ്രഹിക്കുന്ന വേർപിരിയൽ ഗ്രൂപ്പുകളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് “ആൽബർട്ട കാനഡയ്ക്കുള്ളിൽ തന്നെ തുടരണം എന്നതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ?” എന്ന ചോദ്യവുമായി ഈ ഹർജി ആരംഭിച്ചത്. നാല് ലക്ഷത്തിലധികം ആൽബർട്ട സ്വദേശികൾ ഒപ്പിട്ട ഈ ഹർജി നിയമസഭയിൽ ചർച്ച ചെയ്യണമെന്നായിരുന്നു ലൂക്കാസുക്കിന്റെ ആവശ്യം. എന്നാൽ സർക്കാർ ഇത് ഹിതപരിശോധനയിലേക്ക് മാറ്റുകയായിരുന്നു. അതേ സമയം തന്നെ കാനഡയിൽ നിന്ന് വേർപിരിയണമെന്ന് ആവശ്യപ്പെട്ട് ‘സ്റ്റേ ഫ്രീ ആൽബെർട്ട’ എന്ന സംഘടന സമർപ്പിച്ച ഹർജി, ഫസ്റ്റ് നേഷൻസ് ജനങ്ങളുമായി കൂടിയാലോചന നടത്തിയില്ല എന്ന കാരണത്താൽ കഴിഞ്ഞ ആഴ്ച കോടതി റദ്ദാക്കിയിരുന്നു. ഇതോടെയാണ് തങ്ങളുടെ വേർപിരിയൽ അജണ്ട നടപ്പിലാക്കാൻ ഭരണപക്ഷം കാനഡ അനുകൂലികളുടെ ഹർജിയെത്തന്നെ ആയുധമാക്കുന്നത്. ഈ നീക്കത്തിനെതിരെ പ്രതിപക്ഷമായ എൻഡിപി രംഗത്തെത്തിയിട്ടുണ്ട്. തങ്ങളെ അധികാരത്തിലേറ്റിയ വിഘടനവാദികളായ സുഹൃത്തുക്കൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ പ്രീമിയർ ഡാനിയേൽ സ്മിത്ത് കണ്ടെത്തിയ തന്ത്രമാണിതെന്ന് എൻഡിപി ഡെപ്യൂട്ടി ലീഡർ രാഖി പഞ്ചോളി കുറ്റപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!