ന്യൂഡൽഹി: ഇന്ധന ഇറക്കുമതി രംഗത്ത് നിർണ്ണായക നീക്കങ്ങളുമായി വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും. ഇന്ത്യയുമായി എണ്ണവ്യാപാര ചർച്ചകൾ നടത്തുന്നതിനായാണ് ഈ സന്ദർശനമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡൂറോയെ അമേരിക്ക പുറത്താക്കിയതിനെ തുടർന്നാണ് ഡെൽസി റോഡ്രിഗസ് വെനസ്വേലയുടെ താൽക്കാലിക ഭരണാധികാരിയായി ചുമതലയേറ്റത്. ഒരു വിദേശ രാജ്യത്തലവന്റെ ഔദ്യോഗിക സന്ദർശന വിവരം യു.എസ് സ്റ്റേറ്റ് സെക്രട്ടറി പ്രഖ്യാപിച്ചത്, വെനസ്വേലൻ ഭരണകൂടത്തിന്മേൽ നിലവിൽ യു.എസ്സിനുള്ള ശക്തമായ സ്വാധീനത്തിന്റെ തെളിവായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. യു.എസ്- ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തിയ ആക്രമണങ്ങളെ തുടർന്ന് പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ സന്ദർശനം. ലോകത്തിലെ ആകെ ഇന്ധന വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് അടച്ചുപൂട്ടിയതോടെ ആഗോളതലത്തിൽ വലിയ ഊർജ്ജ പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിലാണ് സന്ദർശനം. ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യമാണ് വെനസ്വേല. ഇന്ത്യക്ക് ആവശ്യമായത്ര ഇന്ധനം വിൽക്കാൻ അമേരിക്ക തയ്യാറാണെന്നും അതോടൊപ്പം വെനസ്വേലൻ എണ്ണ വാങ്ങുന്നത് ഇന്ത്യക്ക് വലിയൊരു അവസരമായിരിക്കുമെന്നും മാർക്കോ റൂബിയോ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇന്ത്യ വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെക്കുറിച്ചുള്ള ആദ്യ സൂചനകൾ പുറത്തുവന്നത്. യു.എസ്സും ഇന്ത്യയും തമ്മിൽ ഒപ്പുവെച്ച 500 മില്യൺ ഡോളറിന്റെ പുതിയ വ്യാപാരക്കരാറിന്റെ ഭാഗമായാണ് ഈ ഇന്ധന കൈമാറ്റം നടക്കുക. ഇടക്കാല പ്രസിഡന്റായ ശേഷമുള്ള ഡെൽസി റോഡ്രിഗസിന്റെ രണ്ടാമത്തെ ഔദ്യോഗിക വിദേശ സന്ദർശനമാണിത്. ഇന്ത്യയുമായി വ്യക്തിപരമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് അവർ. സത്യസായി ബാബയുടെ തീവ്ര അനുയായിയായ ഡെൽസി, വെനസ്വേലൻ വൈസ് പ്രസിഡന്റായിരുന്ന കാലയളവിൽ രണ്ടുതവണ ഇന്ത്യയിലെ സായിബാബ ആശ്രമം സന്ദർശിച്ചിട്ടുണ്ട്. ഈ ആത്മീയ ബന്ധം ഇന്ത്യയുമായുള്ള നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ കരുത്തുപകരുമെന്നാണ് കരുതപ്പെടുന്നത്.
