കാൽഗറി : തെക്കൻ ആൽബർട്ടയിൽ കയോടിയുടെ ആക്രമണത്തിൽ 10 വയസ്സുള്ള പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. ആൽബർട്ടയിലെ ബ്രൂക്സ് സ്വദേശിനിയായ ഹെയ്ലി ഡസ്റ്റിനാണ് കയോടിയുടെ ആക്രമണത്തിന് ഇരയായത്.

ഡിസംബർ 26-ന് രാത്രി ഏഴരയോടെ ഹെയ്ലി ഡസ്റ്റിനെ കയോടി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. കുട്ടിയെ കയോടി പലതവണ കടിക്കുകയും ആക്രമിക്കുകയും ചെയ്തതായി മാതാപിതാക്കളായ അലിഷയും ഡസ്റ്റിനും അറിയിച്ചു. ഹെയ്ലി ഡസ്റ്റിൻ ബാത്റൂമിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഹെയ്ലിയുടെ അച്ഛനും അമ്മയും ഓടിയെത്തി കയോടിയെ വിരട്ടി ഓടിച്ചു. എന്നാൽ, ഇതിന് മുമ്പ് തന്നെ ഹെയ്ലിക്ക് നിരവധി തവണ കടിയേറ്റിരുന്നു.

കയോടിയുടെ കടിയേറ്റ് കുട്ടിയുടെ കാലിന് പൊട്ടൽ സംഭവിച്ചിട്ടുണ്ടെന്നും മാതാപിതാക്കൾ അറിയിച്ചു. പരിക്കേറ്റ ഹെയ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെയ്ലി പൂർണ്ണമായി സുഖം പ്രാപിച്ചു വരുന്നതായി അവർ അറിയിച്ചു.
