ഓട്ടവ: കുറഞ്ഞ ചെലവിൽ ബിസിനസ് ക്ലാസ് യാത്ര ആഗ്രഹിക്കുന്നവർക്കായി പുതിയ ടിക്കറ്റ് നിരക്കുകൾ അവതരിപ്പിച്ച് എയർ കാനഡ. ‘ബിസിനസ് ക്ലാസ് ബേസിക്’ (Business Class Basic) എന്ന പേരിലുള്ള പുതിയ നിരക്ക് കാനഡയ്ക്കുള്ളിലെ ആഭ്യന്തര സർവീസുകളിലും കാനഡയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള വിമാന സർവീസുകളിലുമാണ് ലഭ്യമാക്കിയിരിക്കുന്നത്.
2026 ജൂലൈയിൽ തിരഞ്ഞെടുത്ത അറ്റ്ലാന്റിക് റൂട്ടുകളിൽ ‘പ്രീമിയം ഇക്കണോമി ബേസിക്’ നിരക്കിനൊപ്പം ഈ പദ്ധതി അവതരിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് നവംബർ പകുതിയോടെ വടക്കേ അമേരിക്കൻ റൂട്ടുകളിലേക്കും ബിസിനസ് ക്ലാസ് ബേസിക് നിരക്ക് വ്യാപിപ്പിച്ചത്.
പുതിയ നിരക്കിൽ ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് ബിസിനസ് ക്ലാസിലെ പ്രധാന ആഡംബര സൗകര്യങ്ങൾ തുടർന്നും ലഭിക്കും. പൂർണമായി പരന്നുകിടക്കാവുന്ന ലിഫ്ലാറ്റ് സീറ്റുകൾ (Lie-flat seats), മാപ്പിൾ ലീഫ് ലോഞ്ച് പ്രവേശനം, വിമാനത്താവളങ്ങളിലെ മുൻഗണനാ സേവനങ്ങൾ, പ്രീമിയം ഭക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ ചെലവഴിക്കുന്ന ഓരോ ഡോളറിനും ഒരു എയറോപ്ലാൻ പോയിന്റും നാല് സ്റ്റാറ്റസ് ക്വാളിഫൈയിങ് ക്രെഡിറ്റുകളും ലഭിക്കും.
എന്നാൽ സാധാരണ ബിസിനസ് ക്ലാസ് ടിക്കറ്റിനെ അപേക്ഷിച്ച് ചില ആനുകൂല്യങ്ങൾ പുതിയ നിരക്കിൽ ഒഴിവാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ഇഷ്ടമുള്ള സീറ്റ് മുൻകൂട്ടി തിരഞ്ഞെടുക്കുന്നതിന് അധിക ഫീസ് നൽകണം. സാധാരണ ബിസിനസ് ക്ലാസിൽ രണ്ട് ചെക്ക്-ഇൻ ബാഗുകൾ സൗജന്യമായി അനുവദിക്കുമ്പോൾ ബേസിക് നിരക്കിൽ ഒരു ബാഗ് മാത്രമാണ് സൗജന്യം.
യാത്രാ തീയതിയിലോ മറ്റ് വിവരങ്ങളിലോ മാറ്റം വരുത്തുന്നതിന് അധിക ഫീസ് നൽകേണ്ടിവരും. ടിക്കറ്റ് റദ്ദാക്കിയാൽ പണം തിരികെ ലഭിക്കുകയുമില്ല. കൂടാതെ എയർ കാനഡയുടെ ആഡംബര വിശ്രമകേന്ദ്രമായ സിഗ്നേച്ചർ സ്യൂട്ടിലേക്ക് (Signature Suite) പ്രവേശനവും ഈ നിരക്കിൽ ലഭിക്കില്ല.
കുറഞ്ഞ നിരക്കിൽ ബിസിനസ് ക്ലാസിലെ പ്രധാന സൗകര്യങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ടിക്കറ്റ് നിരക്ക് പ്രയോജനപ്പെടുമെങ്കിലും ബാഗേജ്, സീറ്റ് തിരഞ്ഞെടുപ്പ്, ടിക്കറ്റ് മാറ്റം തുടങ്ങിയ നിയന്ത്രണങ്ങൾ യാത്രക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്.
