ബെംഗളൂരു: ഇന്ത്യയിൽ ആദ്യ എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി നിലവിൽ ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ചൈനയിൽ പടർന്ന് പിടിക്കുന്ന അതെ വൈറസാണോ ബംഗളുരുവിൽ എന്നതിന് സ്ഥിരീകരണം വന്നിട്ടില്ല. അതിനായി കുഞ്ഞിൽ നിന്നും സാമ്പിൾ ശേഖരിച്ച് കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.

ഒരു പ്രതിരോധ നടപടിയെന്ന നിലയിൽ, ജനത്തിരക്കേറിയ പ്രദേശങ്ങൾ ഒഴിവാക്കാനും ശരിയായ ശ്വസന ശുചിത്വം പരിശീലിക്കാനും സോപ്പ്, വെള്ളം അല്ലെങ്കിൽ ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാനും കർണാടക സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പനിയോ ചുമയോ തുമ്മലോ ഉള്ളവർ വീട്ടിൽ തന്നെ തുടരാൻ നിർദ്ദേശിച്ചിരുന്നു. മതിയായ ജലാംശവും പോഷകസമൃദ്ധമായ ഭക്ഷണവും കഴിക്കണമെന്നും നിർദേശങ്ങളിൽ ഉണ്ട്.
നിലവിൽ, രോഗം ബാധിച്ച കുട്ടിക്കും കുടുംബത്തിനും യാത്ര പശ്ചാത്തലമില്ല.ആരോഗ്യവകുപ്പ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ പറഞ്ഞു.
