സാന്റിയാഗോ: അമേരിക്കയിലെ സാന്‍ഡിയാഗോയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് അക്രമികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്റിയാഗോ എന്ന പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. സാന്റിയാഗോ കൗണ്ടിയിലെ ഏറ്റവും വലിയ മസ്ജിദായ ഇവിടെ പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചനമസ്‌കാരത്തിന് തൊട്ടുമുമ്പായിരുന്നു സംഭവം. തോക്കുമായി എത്തിയ രണ്ട് കൗമാരക്കാര്‍ പള്ളിക്ക് പുറത്തുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് മുതിര്‍ന്ന പുരുഷന്മാര്‍ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു.
ആക്രമണം നടത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട 17-ഉം 19-ഉം വയസ്സ് പ്രായമുള്ള അക്രമികളെ തൊട്ടടുത്തുള്ള തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇസ്ലാമിക് സെന്ററിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ആക്രമണം ഉണ്ടായ ഉടന്‍ തന്നെ ഇദ്ദേഹം ധീരമായി ഇടപെട്ടതുകൊണ്ടാണ് മസ്ജിദിനുള്ളിലും അനുബന്ധമായുള്ള സ്‌കൂളിലുമുണ്ടായിരുന്ന കുട്ടികള്‍ അടക്കമുള്ള കൂടുതല്‍ പേരിലേക്ക് അക്രമം പടരാതിരുന്നതെന്നും വലിയൊരു ദുരന്തം ഒഴിവായതെന്നും പോലീസ് ചീഫ് സ്‌കോട്ട് വാല്‍ വ്യക്തമാക്കി. സ്‌കൂളിലുണ്ടായിരുന്ന കുട്ടികളെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവത്തെ ഒരു വിദ്വേഷ കുറ്റകൃത്യമായിട്ടാണ് പോലീസ് കണക്കാക്കുന്നത്. അക്രമികള്‍ സഞ്ചരിച്ച കാറിനുള്ളില്‍ നിന്ന് വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട രേഖകളും കത്തും കണ്ടെത്തിയിട്ടുണ്ട്. വെടിവയ്പ് നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ്, പ്രതികളിലൊരാളുടെ അമ്മ തന്റെ മകനെയും വീട്ടിലെ ഏതാനും ആയുധങ്ങളും വാഹനാവും കാണാതായിട്ടുണ്ടെന്ന് പോലീസില്‍ പരാതിപ്പെട്ടിരുന്നതായും വ്യക്തമായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് എഫ്ബിഐ ഉള്‍പ്പെടെയുള്ള ഉന്നത അന്വേഷണ ഏജന്‍സികള്‍ സ്ഥലത്തെത്തി വിപുലമായ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ മറ്റ് ആരാധനാലയങ്ങള്‍ക്ക് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
