വൻകൂവർ : വൻകൂവർ ദ്വീപിലെ ബാങ്കിൽ നടന്ന മോഷണക്കേസിൽ രണ്ട് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ച് മൗണ്ടീസ്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ 6908 ഐലൻഡ് എച്ച്വൈയിൽ സ്ഥിതി ചെയ്യുന്ന ബാങ്ക് ഓഫ് മൺട്രിയോൾ ശാഖയിലാണ് മോഷണം നടന്നത്. ഒരാൾ പണം പിൻവലിക്കാൻ എന്ന വ്യാജേന വരിയിൽ കാത്തുനിന്ന ശേഷം പണം തട്ടിയെടുക്കുകയും ഉടൻ തന്നെ അയാളുടെ സഹായിയായ യുവതിക്കൊപ്പം രക്ഷപ്പെടുകയായിരുന്നു.

മോഷണം നടന്ന് മിനിറ്റുകൾക്കുള്ളിൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല, നാനൈമോ ആർസിഎംപി പ്രസ്താവനയിൽ പറഞ്ഞു. മോഷണത്തിനിടെ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന യുവാവിന് ഏകദേശം 6’3 “ഉയരം ഉണ്ടെന്നും ഇരുണ്ട വസ്ത്രങ്ങളും സൺഗ്ലാസുകളും കറുത്ത മെഡിക്കൽ മാസ്‌കും ധരിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇയാളുടെ കൂട്ടാളിയായ യുവതി ചാരനിറത്തിലുള്ള സ്വെറ്റ് പാൻ്റും വെള്ള റണ്ണിംഗ് ഷൂസുമാണ് ധരിച്ചിരുന്നത്. പിക്കപ്പ് ട്രക്കിലാണ് പ്രതികൾ രക്ഷപ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ബാങ്കിൽ നിന്നുള്ള നിരീക്ഷണ വിഡിയോ ലഭ്യമായിട്ടില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 250-754-2345 എന്ന നമ്പറിൽ അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്നും നാനൈമോ RCMP അഭ്യർത്ഥിച്ചു.
