Saturday, July 4, 2026

ക്രിപ്‌റ്റോ നിക്ഷേപ തട്ടിപ്പ്‌ കേസ്: ചൈനീസ് കോടീശ്വരൻ ഗുവോ വെംഗൂയിക്ക് 30 വർഷം തടവ്

ന്യൂയോർക്ക്:ക്രിപ്‌റ്റോ നിക്ഷേപ തട്ടിപ്പ് കേസിൽ ചൈനീസ് കോടീശ്വരൻ ഗുവോ വെംഗൂയിക്ക് (Guo Wengui) ന്യൂയോർക്കിലെ ഫെഡറൽ കോടതി 30 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. ഇതിന് പുറമെ 899 മില്യൺ ഡോളർ കണ്ടുകെട്ടാനും നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.

ഫ്ലോറിഡയിലെ ആഡംബര മാർ-എ-ലാഗോ ഗോൾഫ് ക്ലബ് അംഗമായിരുന്ന ഗുവോ, 2018 മുതൽ 2023 വരെ ഓൺലൈൻ അനുയായികളെ ലക്ഷ്യമിട്ട് ക്രിപ്‌റ്റോ നിക്ഷേപ പദ്ധതികളിലൂടെ ഒരു ബില്യൺ ഡോളറിലധികം സമാഹരിച്ചതായി പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് ആഡംബര മാളികകൾ, ലംബോർഗിനി കാറുകൾ, കോടികൾ വിലമതിക്കുന്ന യാച്‌റ്റ് ഉൾപ്പെടെയുള്ള ആഡംബര ജീവിതം നയിച്ചതായും കോടതി രേഖകൾ വ്യക്തമാക്കുന്നു.

റാക്കെറ്റിങ്, തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ 12 കുറ്റങ്ങളിൽ 9 എണ്ണത്തിൽ ഗുവോ കുറ്റക്കാരനാണെന്ന് ഏഴ് ആഴ്ച നീണ്ട വിചാരണയ്ക്ക് ശേഷം കോടതി കണ്ടെത്തി. ലോകമെമ്പാടുമുള്ള ആയിരത്തിലധികം നിക്ഷേപകർക്ക് നൂറുകണക്കിന് മില്യൺ ഡോളറിന്റെ നഷ്ടം സംഭവിച്ചതായും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

ചൈനയിൽ റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെ സമ്പന്നനായിരുന്ന ഗുവോ, 2017-ൽ അഴിമതി ആരോപണങ്ങളെ തുടർന്ന് അമേരിക്കയിലേക്ക് കുടിയേറിയിരുന്നു. പിന്നീട് അദ്ദേഹം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കടുത്ത വിമർശകനായി മാറുകയും വലിയ ഓൺലൈൻ അനുയായികളെയും നേടുകയും ചെയ്തു. 2020-ൽ മുൻ ട്രംപ് ഉപദേഷ്ടാവ് സ്റ്റീവ് ബാനണുമായി ചേർന്ന് ന്യൂ ഫെഡറൽ സ്റ്റേറ്റ് ഓഫ് ചൈന എന്ന രാഷ്ട്രീയ പ്രചാരണത്തിനും തുടക്കമിട്ടിരുന്നു.

2023-ൽ അറസ്റ്റിലാകുന്നതിന് മുൻപ് ന്യൂയോർക്കിലെ സെൻട്രൽ പാർക്കിന് സമീപമുള്ള ആഡംബര അപ്പാർട്ട്‌മെന്റിലായിരുന്നു ഗുവോ താമസിച്ചിരുന്നത്. കോടതി ശിക്ഷ വിധിക്കും മുമ്പ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ നശിപ്പിക്കാനാണ് താൻ യുഎസിൽ വന്നതെന്ന്‌ ഗുവോ പറഞ്ഞിരുന്നു. 30 വർഷത്തെ ശിക്ഷ കൂടുതലാണെന്നും ഇതിനെതിരെ അപ്പീൽ പോകുമെന്നുമാണ് ഗുവോയുടെ നിലപാട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!