ഓട്ടവ : പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിക്ക് പിന്നാലെ ലിബറൽ നേതൃത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം മാർക്ക് കാർണി ഔദ്യോഗികമായി ആരംഭിച്ചതോടെ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് മുൻ ധനമന്ത്രിയായ ക്രിസ്റ്റിയ ഫ്രീലാൻഡിലാണ്. മത്സരാർത്ഥികൾക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ ഇനി ഒരാഴ്ചയിൽ താഴെ മാത്രം സമയം ശേഷിക്കേ ക്രിസ്റ്റിയ ഫ്രീലാൻഡ് ഉടൻ സ്വന്തം ബിഡ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ. പക്ഷേ, ലിബറൽ ഗവൺമെൻ്റിൻ്റെ പ്രധാന നയമായ കൺസ്യൂമർ കാർബൺ വിലനിർണ്ണയത്തെ ഫ്രീലാൻഡ് വിമർശിക്കാൻ സാധ്യധയുള്ളതായും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു.

അതേസമയം, യുഎസ് താരിഫുകളെ കുറിച്ച് ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രി മെലനി ജോളി യുഎസ് രാഷ്ട്രീയക്കാരുമായി കൂടിക്കാഴ്ച്ച നടത്തി. നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കും കാനഡ-മെക്സിക്കോ എന്നിവടങ്ങളിൽ നിന്നുള്ള വസ്തുക്കൾക്ക് 25% താരിഫ് ചുമത്തുന്നതിനും മുൻപാണ് ജോളിയുടെ കൂടിക്കാഴ്ച നടന്നത്. ട്രംപിന്റെ താരിഫ് ഭീഷണിയോടുള്ള രാജ്യത്തിൻ്റെ പ്രതികരണം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ബുധനാഴ്ച ഓട്ടവയിൽ പ്രീമിയർ ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
