Sunday, June 21, 2026

വെസ്റ്റ് ഐലന്‍ഡില്‍ മഴക്കെടുതി രൂക്ഷം; പതിനായിരങ്ങള്‍ ഇപ്പോഴും ഇരുട്ടില്‍

മണ്‍ട്രിയോള്‍: വെസ്റ്റ് ഐലന്‍ഡില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ കനത്ത നാശനഷ്ടം. നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറുകയും ആറായിരത്തിലധികം കേന്ദ്രങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു.

വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ഏകദേശം ആയിരത്തിയിരുന്നൂറോളം ഫോണ്‍ കോളുകളാണ് ഫയര്‍ ഫോഴ്‌സിന് ലഭിച്ചത്. ഇതില്‍ എണ്ണൂറിലധികം കോളുകളും പിയറിഫോണ്ട്‌സ്-റോക്‌സ്‌ബോറോ (Pierrefonds-Roxboro), ഡോളാര്‍ഡ്-ഡെസ്-ഓര്‍മോ (Dollard-des-Ormeaux) എന്നീ പ്രദേശങ്ങളില്‍ നിന്നായിരുന്നു. ദുരന്തബാധിത മേഖലകളിലേക്ക് 25 ഫയര്‍ ട്രക്കുകള്‍ അയച്ചതില്‍ 11 എണ്ണം ഇപ്പോഴും സംഭവസ്ഥലത്ത് തുടരുന്നുണ്ട്.

വെള്ളപ്പൊക്കത്തില്‍ പെട്ട വാഹനങ്ങളില്‍ കുടുങ്ങിക്കിടന്ന 12 പേരെ അഗ്‌നിശമനസേനാംഗങ്ങള്‍ സുരക്ഷിതമായി രക്ഷപ്പെടുത്തി. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നാല് കുടുംബങ്ങളെ താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് അവര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി. നഗരത്തില്‍ ഏകദേശം 150 മില്ലിമീറ്റര്‍ വരെ മഴ പെയ്തതായാണ് പ്രാഥമിക കണക്ക്. നഗരത്തിലെ മുന്നൂറോളം വീടുകളുടെ ബേസ്മെന്റുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലുള്ളവര്‍ വീടുകളിലെ മെയിന്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ ഓഫ് ചെയ്യണമെന്നും, അംഗീകൃത ഇലക്ട്രീഷ്യന്‍ പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷം മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കാവൂ എന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ശനിയാഴ്ച വൈകുന്നേരത്തോടെ വെസ്റ്റ് ഐലന്‍ഡില്‍ 21,000ത്തിലധികം ഉപഭോക്താക്കള്‍ ഇരുട്ടിലായിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി പൊലീസ് അടച്ചിട്ടിരുന്ന പിയറിഫോണ്ട്‌സ് ബൊളിവാര്‍ഡ് ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളെല്ലാം ഞായറാഴ്ച രാവിലെയോടെ ഗതാഗതത്തിനായി തുറന്നുകൊടുത്തു. കനത്ത ഇടിമിന്നല്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് ശനിയാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന മണ്‍ട്രിയോള്‍ ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (YUL) റണ്‍വേ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായിട്ടുണ്ട്. മണ്‍ട്രിയോലില്‍ ഞായറാഴ്ചയും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് എന്‍വയോണ്‍മെന്റ് കാനഡയുടെ പുതിയ മുന്നറിയിപ്പ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!