Sunday, June 21, 2026

സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങുന്നതായി പ്രഖ്യാപിച്ച് ആല്‍ബര്‍ട്ട എന്‍ഡിപി ലീഡര്‍ ജോ സെസി

എഡ്മിന്റണ്‍: സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ച്
ആല്‍ബര്‍ട്ട എന്‍ഡിപി ധനകാര്യമന്ത്രിയായ ജോ സെസി. മൂന്ന് തവണ നിയമസഭാംഗമായും 15 വര്‍ഷം കാല്‍ഗറി സിറ്റി കൗണ്‍സിലറായും സേവനമനുഷ്ഠിച്ച അദ്ദേഹം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു. പ്രവിശ്യ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ ജനക്ഷേമ നയങ്ങളിലൂടെ ശ്രദ്ധേയനായ നേതാവായിരുന്നു അദ്ദേഹം.

എണ്ണവില ഇടിവിനെത്തുടര്‍ന്ന് ആല്‍ബര്‍ട്ടയുടെ സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലായിരുന്ന 2017ല്‍, 10.3 ബില്യണ്‍ ഡോളറിന്റെ ബജറ്റ് അവതരിപ്പിക്കാന്‍ ജോ സെസി ലെജിസ്ലേറ്റീവിലേക്ക് എത്തിയത് കാലില്‍ പ്ലാസ്റ്ററിട്ടുകൊണ്ടായിരുന്നു. അന്നത്തെ പ്രീമിയര്‍ റേച്ചല്‍ നോട്ട്‌ലിയുമായി രാവിലെ ഓടുന്നതിനിടയില്‍ സംഭവിച്ച പരുക്കുമായാണ് അദ്ദേഹം അന്ന് നിര്‍ണായക ബജറ്റ് സഭയില്‍ അവതരിപ്പിച്ചത്. നോട്ട്‌ലി സര്‍ക്കാരിന്റെ ഏറ്റവും വിശ്വസ്തനായ സഹപ്രവര്‍ത്തകനായിരുന്നു ജോ സെസി.

സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് പൊതുമേഖലാ ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ലെന്നും രാഷ്ട്രീയ ലാഭത്തേക്കാള്‍ മൂല്യങ്ങള്‍ക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കിയതെന്നും റേച്ചല്‍ നോട്ട്‌ലി അനുസ്മരിച്ചു. ഒന്റാരിയോയിലെ പുകയില തോട്ടങ്ങളില്‍ ജോലി ചെയ്ത് വളര്‍ന്ന സെസി, പിന്നീട് കാല്‍ഗറിയില്‍ സോഷ്യല്‍ വര്‍ക്കറായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കെ നോട്ട്‌ലിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം എന്‍.ഡി.പിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് 2015ല്‍ പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പതിറ്റാണ്ടുകള്‍ നീണ്ട ഭരണം അവസാനിപ്പിച്ച് എന്‍.ഡി.പി അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹം ധനമന്ത്രിയായി.

തന്റെ ഭരണകാലത്ത് ആല്‍ബര്‍ട്ടയിലെ കുറഞ്ഞ വേതനം വര്‍ധിപ്പിച്ചതും കുടുംബങ്ങള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കുമുള്ള സാമ്പത്തിക സഹായം ഉയര്‍ത്തിയതുമാണ് അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങള്‍. പാവപ്പെട്ടവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം എപ്പോഴും പ്രവര്‍ത്തിച്ചിരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങളെ കൈവിടാതെ സര്‍ക്കാര്‍ ഒപ്പം നില്‍ക്കണമെന്ന നിലപാടില്‍ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും തന്റെ രാഷ്ട്രീയ തീരുമാനങ്ങളില്‍ ഒട്ടും ഖേദമില്ലെന്നും വിരമിക്കല്‍ പ്രഖ്യാപന വേളയില്‍ ജോ സെസി കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!