മൺട്രിയോൾ : കെബെക്ക് സർക്കാരിന്‍റെ പുതിയ നയങ്ങളുടെ ഭാഗമായി അടുത്ത സാമ്പത്തിക വർഷം ചെലവ് ചുരുക്കലും പിരിച്ചുവിടലും നടപ്പിലാക്കുമെന്ന് മക്ഗിൽ യൂണിവേഴ്സിറ്റി. അടുത്ത സാമ്പത്തിക വർഷം നാല് കോടി അമ്പത് ലക്ഷം ഡോളർ കമ്മി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് യൂണിവേഴ്സിറ്റി വക്താവ് അറിയിച്ചു. അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിൽ ഒരു കോടി അറുപത് ലക്ഷം ഡോളറിൻ്റെയും ഒരു കോടി നാൽപത് ലക്ഷം ഡോളറിൻ്റെയും കമ്മി കുറയ്ക്കാൻ ശ്രമം ആരംഭിച്ചതായും സർവകലാശാല പ്രസ്താവനയിൽ പറയുന്നു. ഇതിൻ്റെ ഭാഗമായി സർവകലാശാലയുടെ ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയോ കുറയ്ക്കുകയോ ചെയ്യാനും ഫാക്കൽറ്റികളെയും ജീവനക്കാരെയും പിരിച്ചുവിടാനും പദ്ധതിയിടുന്നതായി യൂണിവേഴ്സിറ്റി വക്താവ് അറിയിച്ചു.

എൻറോൾമെൻ്റ് വരുമാനം തടയാനും പ്രവിശ്യയ്ക്ക് പുറത്തുള്ള വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസ് വർധിപ്പിക്കാനുമുള്ള തീരുമാനം സർവകലാശാലയുടെ സാമ്പത്തികസ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും വക്താവ് പറയുന്നു. അഡ്മിനിസ്ട്രേറ്റീവ് കാര്യക്ഷമതയും പ്രോഗ്രാം ഡെലിവറിയും മെച്ചപ്പെടുത്തുന്നതിനായി ഹൊറൈസൺ മക്ഗിൽ എന്ന പേരിൽ ആരംഭിച്ച പുതിയ സംരംഭവും സർവകലാശാലയ്ക്ക് തിരിച്ചടിയായതായി അദ്ദേഹം പറഞ്ഞു.