കൊച്ചി: കേരളം ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കുകളിലെ നിക്ഷേപത്തിലൂടെ ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിക്ക് വന്‍ സാമ്പത്തിക നേട്ടം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കേരളത്തിലെ വിവിധ ലിസ്റ്റഡ് ബാങ്കുകളില്‍ അദ്ദേഹം നടത്തിയ നിക്ഷേപത്തിന്റെ മൂല്യം ഏകദേശം 243 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2021 മാര്‍ച്ചില്‍ 862 കോടി രൂപയായിരുന്ന അദ്ദേഹത്തിന്റെ ആകെ നിക്ഷേപ മൂല്യം നിലവില്‍ 2,955 കോടി രൂപയായി ഉയര്‍ന്നു. വെറും അഞ്ച് വര്‍ഷത്തിനിടെ നിക്ഷേപം 3.43 ഇരട്ടിയായി മാറിയത് യൂസഫലിയുടെ നിക്ഷേപ തന്ത്രങ്ങളുടെ വിജയമായി വിലയിരുത്തപ്പെടുന്നു.
യൂസഫലിയുടെ പോര്‍ട്ട്ഫോളിയോയില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ഫെഡറല്‍ ബാങ്കിലെ നിക്ഷേപമാണ്. 2021-ല്‍ 588 കോടി രൂപയായിരുന്ന നിക്ഷേപ മൂല്യം ഇപ്പോള്‍ 2,252 കോടി രൂപയായാണ് കുതിച്ചുയര്‍ന്നത്. ഇക്കാലയളവില്‍ ബാങ്കിന്റെ ഓഹരി വില 77 രൂപയില്‍ നിന്ന് 295 രൂപയിലേക്ക് എത്തിയത് ഈ നേട്ടത്തില്‍ നിര്‍ണ്ണായകമായി. അതുപോലെ തന്നെ സൗത്ത് ഇന്ത്യന്‍ ബാങ്കിലും വലിയ കുതിച്ചുചാട്ടം പ്രകടമാണ്. ഓഹരി വില അഞ്ച് മടങ്ങോളം വര്‍ധിച്ചതോടെ ബാങ്കിലെ അദ്ദേഹത്തിന്റെ നിക്ഷേപ മൂല്യം 75 കോടിയില്‍ നിന്ന് 450 കോടി രൂപയായി ഉയര്‍ന്നു. 2024-ലെ റൈറ്റ്സ് ഇഷ്യൂ പൂര്‍ണ്ണമായും സബ്സ്ക്രൈബ് ചെയ്തുകൊണ്ട് ഈ ബാങ്കുകളില്‍ തന്റെ സ്വാധീനം നിലനിര്‍ത്താനും അദ്ദേഹം ശ്രദ്ധിച്ചു.

തൃശൂര്‍ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവിടങ്ങളിലും യൂസഫലിക്ക് മികച്ച ലാഭം ലഭിച്ചു. സിഎസ്ബി ബാങ്കിലെ നിക്ഷേപം 87 കോടിയില്‍ നിന്ന് 142 കോടിയിലേക്കും, ധനലക്ഷ്മി ബാങ്കിലേത് 19 കോടിയില്‍ നിന്ന് 55 കോടി രൂപയിലേക്കും വര്‍ധിച്ചു. എന്നാല്‍, 2023-ല്‍ ലിസ്റ്റ് ചെയ്ത ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിലെ നിക്ഷേപം മാത്രം നിലവില്‍ ഏകദേശം 40 ശതമാനത്തോളം നഷ്ടത്തിലാണ്. 94 കോടി രൂപ നിക്ഷേപിച്ചിരുന്ന ഈ ബാങ്കിലെ ഓഹരി മൂല്യം ഇപ്പോള്‍ 86 കോടി രൂപയാണ്. കേന്ദ്ര ബജറ്റിലെ പുതിയ ഇളവുകള്‍ പ്രകാരം പ്രവാസി നിക്ഷേപ പരിധി 10 ശതമാനമായി ഉയര്‍ത്തിയത് യൂസഫലിയെപ്പോലുള്ള നിക്ഷേപകര്‍ക്ക് കേരളത്തിലെ ബാങ്കുകളില്‍ കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കാന്‍ വരുംദിവസങ്ങളില്‍ അവസരമൊരുക്കും.
ബാങ്കിങ് മേഖലയ്ക്ക് പുറമെ കേരളത്തിലെ വ്യോമയാന മേഖലയിലും യൂസഫലിക്ക് ശക്തമായ സാന്നിധ്യമുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (CIAL) ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയായ അദ്ദേഹം തന്റെ വിഹിതം 12.13 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനുപുറമെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും (KIAL) അദ്ദേഹത്തിന് 8.59 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കേരളത്തിന്റെ വികസന സംരംഭങ്ങളില്‍ പങ്കാളിയാകുന്നതിനൊപ്പം തന്നെ മികച്ച സാമ്പത്തിക ലാഭവും കൊയ്യാന്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നിക്ഷേപങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.
