കോട്ടയം: സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും സ്വകാര്യ കാറില്‍ ഡിജിപി പദവിയുടെ അടയാളമായ നക്ഷത്ര ചിഹ്നം (Star Plate) പതിപ്പിച്ചു യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്ക് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. 250 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പിഴയായി ഈടാക്കിയത്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. തച്ചങ്കരി പിഴ ഒടുക്കുകയും ചെയ്തു.
മൂന്ന് വര്‍ഷം മുമ്പ് സര്‍വീസില്‍ നിന്ന് വിരമിച്ച തച്ചങ്കരി, കോട്ടയം കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് വിവാദമായ സംഭവം നടന്നത്. അദ്ദേഹത്തിന്റെ സ്വകാര്യ കാറില്‍ ഡിജിപി പദവി വ്യക്തമാക്കുന്ന മൂന്ന് നക്ഷത്രങ്ങളുള്ള ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതോടെ അദ്ദേഹം ബോര്‍ഡ് നീക്കം ചെയ്തിരുന്നു.

സംഭവത്തില്‍ ഡിജിപിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി കോട്ടയം എസ്പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. വിരമിച്ച ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ചിഹ്നങ്ങളോ പദവി വ്യക്തമാക്കുന്ന ബോര്‍ഡുകളോ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കിയതല്ലാതെ, പോലീസിന്റെ ഭാഗത്തുനിന്ന് മറ്റ് ക്രിമിനല്‍ നടപടികളൊന്നും നിലവില്‍ ഉണ്ടായിട്ടില്ല.
