ഓട്ടവ : കാനഡ നടപ്പിലാക്കിയ ഇമിഗ്രേഷനിലെ പുതിയ നിയന്ത്രണങ്ങൾ ഇന്ത്യക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശ പൗരന്മാരെ ബാധിക്കും. ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ), താത്കാലിക റസിഡൻ്റ് വീസ (ടിആർവി) എന്നിവ പോലുള്ള താൽക്കാലിക റസിഡൻ്റ് ഡോക്യുമെൻ്റുകൾ റദ്ദാക്കാൻ അതിർത്തി ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകുന്ന പുതിയ ഇമിഗ്രേഷൻ ആൻഡ് റഫ്യൂജി പ്രൊട്ടക്ഷൻ റെഗുലേഷൻസ് ജനുവരി 31 മുതൽ പ്രാബല്യത്തിൽ വന്നു. ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കാനുള്ള കാനഡയുടെ തന്ത്രത്തിന്‍റെ ഭാഗമാണ് ഈ മാറ്റങ്ങൾ.

പുതിയ നിയമ പ്രകാരം വ്യക്തികള്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ക്രിമിനല്‍ റെക്കോര്‍ഡ് ഉണ്ടായിരിക്കുകയോ ചെയ്താല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇലക്ട്രോണിക് യാത്രാ അംഗീകാരങ്ങളും താൽക്കാലിക താമസ വീസകളും റദ്ദാക്കാന്‍ കഴിയും. കൂടാതെ, പെര്‍മിറ്റ് ഉടമ സ്ഥിര താമസക്കാരനാകുകയോ മരിക്കുകയോ അല്ലെങ്കില്‍ ഭരണപരമായ പിഴവ് കാരണം രേഖ നല്‍കിയിരിക്കുകയോ ചെയ്യുമ്പോള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക സാഹചര്യങ്ങളില്‍ പഠന, വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കാവുന്നതാണ്.
പുതിയ നിയന്ത്രണങ്ങൾ വിദ്യാർത്ഥികൾ, ജീവനക്കാർ, താൽക്കാലിക താമസക്കാരായ സന്ദർശകർ എന്നിവരെ ബാധിക്കും. അവരിൽ ഭൂരിപക്ഷവും ഇന്ത്യയിൽ നിന്നുള്ളവരാണ് എന്നത് ഇന്ത്യൻ പൗരന്മാരിൽ ആശങ്ക വർധിപ്പിക്കുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഏകദേശം 4,27,000 ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയിൽ പഠിക്കുന്നുണ്ട്. പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികൾക്ക് പുറമെ വിനോദസഞ്ചാരികളായി ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരാണ് കാനഡയിൽ എത്തുന്നത്. 2024 ജനുവരിക്കും ജൂലൈയ്ക്കും ഇടയിൽ, കാനഡ ഇന്ത്യക്കാർക്ക് 3,65,750 സന്ദർശക വീസകൾ അനുവദിച്ചു. ഇത് 2023-ൽ ഇതേ കാലയളവിൽ നൽകിയ 345,631 വീസയേക്കാൾ കൂടുതലാണ്.

പുതിയ നിയന്ത്രണങ്ങൾ ഏകദേശം ഏഴായിരത്തിലധികം താൽക്കാലിക റസിഡൻ്റ് വീസകൾ, വർക്ക് പെർമിറ്റുകൾ, പഠന പെർമിറ്റുകൾ എന്നിവ റദ്ദാക്കുന്നതിന് കാരണമാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. പെർമിറ്റുകൾ റദ്ദാക്കപ്പെട്ട ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് കനേഡിയൻ അതിർത്തിയിൽ പ്രവേശിക്കുന്നതിൽ നിന്നും കാനഡയിൽ നിന്ന് പുറത്തുപോകുന്നത് തടയുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരും.