ടൊറൻ്റോ : വർധിച്ചു വരുന്ന ജീവിതച്ചെലവിനെ നേരിടാൻ പ്രവിശ്യാ സർക്കാർ ആദായനികുതി കുറയ്ക്കണമെന്ന ആവശ്യവുമായി ഒൻ്റാരിയോ വോട്ടർമാർ. ജനങ്ങളെ സഹായിക്കാൻ സർക്കാരിന് കഴിയുന്ന ഏറ്റവും നല്ല മാർഗ്ഗമാണ് ആദായനികുതി കുറയ്ക്കുന്നതെന്ന് ഭൂരിപക്ഷം വോട്ടർമാരും ചിന്തിക്കുന്നതായി പുതിയ നാനോസ് റിസർച്ച് സർവേ കണ്ടെത്തി. കൂടാതെ മിനിമം വേതന വർധന, വിൽപ്പന നികുതി കുറയ്ക്കൽ തുടങ്ങിയ ആവശ്യങ്ങളും വോട്ടർമാർ മുന്നോട്ടു വയ്ക്കുന്നതായി സർവേ സൂചിപ്പിക്കുന്നു.

ഒൻ്റാറിയോയിലെ വർധിച്ചുവരുന്ന ജീവിതച്ചെലവിനെ പ്രതിരോധിക്കാൻ ഹൈവേകളിലെ ടോൾ എടുത്തുകളയണമെന്നും സർവേയിൽ നിർദ്ദേശമുയർന്നു. ഒൻ്റാരിയോയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ കാര്യത്തിൽ മുൻഗണന നൽകണമെന്ന് സർവേയിൽ പങ്കെടുത്ത വോട്ടർമാർ അഭ്യർത്ഥിച്ചു. എന്നാൽ, രാജ്യത്ത് ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള ടൊറൻ്റോയിൽ നിന്നും സർവേയിൽ പങ്കെടുത്ത വോട്ടർമാരിൽ ഭൂരിപക്ഷവും മിനിമം വേതന വർധന നടപ്പിലാക്കണമെന്ന് അഭ്യർത്ഥിച്ചു. ഒപ്പം ആദായനികുതി വെട്ടിക്കുറയ്ക്കണമെന്നും വോട്ടർമാർ ആവശ്യപ്പെടുന്നു. ഫെബ്രുവരി 27 വ്യാഴാഴ്ചയാണ് ഒൻ്റാരിയോ പ്രവിശ്യ തിരഞ്ഞെടുപ്പ്.