ടൊറൻ്റോ : ഫെബ്രുവരിയിൽ ടൊറൻ്റോ പിയേഴ്‌സൺ രാജ്യാന്തര വിമാനത്താവളത്തിൽ ഉണ്ടായ ഡെൽറ്റ എയർലൈൻസ് അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് പുറത്തുവിട്ട് ഗതാഗത സുരക്ഷാ ബോർഡ് (ടിഎസ്ബി). എന്താണ് സംഭവിച്ചതെന്ന് അറിയാൻ വിമാനം തകർന്നു വീഴാനുണ്ടായ സാഹചര്യം അനുകരിച്ചതായി ടിഎസ്ബിയുടെ മുഖ്യ അന്വേഷകനായ കെൻ വെബ്‌സ്റ്റർ പറഞ്ഞു. എന്നാൽ, അന്വേഷണം ഇതുവരെ പൂർണ്ണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി വെബ്‌സ്റ്റർ സിആർജെ-900 വിമാനത്തിന്റെ അവശിഷ്ടങ്ങൾ അടുത്തുള്ള ഹാംഗറിലേക്ക് കൊണ്ടുവന്ന് ഓരോ ഘടകങ്ങളും സൂക്ഷ്മമായി പരിശോധിക്കുകയുണ്ടായി. അനുവദിച്ച ഭാരത്തിലും സന്തുലിതാവസ്ഥയിലുമായിരുന്നു വിമാനം പറന്നതെന്ന് ടിഎസ്ബി കണ്ടെത്തി. വിമാനത്തിന്റെ വലത് മെയിൻ ലാൻഡിങ് ഗിയറിൽ ഘടിപ്പിച്ചിരുന്ന സൈഡ്-സ്റ്റേ ഭാഗം തകർന്നിരുന്നതായും ലാൻഡിങ് ഗിയർ പിൻവലിച്ചതായും ലാൻഡിങ് ഗിയറിനെ വിമാനത്തിന്റെ ബോഡിയുമായി (ഫ്യൂസ്ലേജ്) ബന്ധിപ്പിക്കുന്ന വിങ് റൂട്ട് തകർന്നതായും വെബ്‌സ്റ്റർ പറഞ്ഞു. വിമാനത്തിന്റെ വലതു ചിറക് വേർപെട്ടതായും വിമാനം റൺവേയിലൂടെ തെന്നിമാറിയപ്പോൾ ക്ലൗഡ് ഓഫ് ജെറ്റ് ഫുവൽ പുറത്തുവരികയും തീപിടിക്കുകയും ചെയ്തതായും വെബ്സ്റ്റർ അറിയിച്ചു. കോക്ക്പിറ്റിന്റെ വാതിൽ അടഞ്ഞുകിടക്കുന്നതായി കണ്ടെത്തിയപ്പോൾ വിമാന ജീവനക്കാർ അടിയന്തര ഹാച്ചിലൂടെ പുറത്തിറങ്ങിയതായി ടിഎസ്ബി പറഞ്ഞു.
