ന്യൂഡൽഹി: കഴിഞ്ഞ രണ്ടര വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് 38 വിദേശ യാത്രകള്‍. ഈ യാത്രകൾക്കായി 258 കോടി രൂപയാണ് ചെലവാക്കിയത്. ഇതിൽ 38 കോടി രൂപ ചെലവാക്കിയത് യുഎസ് സന്ദർശനത്തിന് മാത്രമായിട്ടാണ്.

2023 ജൂണിൽ നടത്തിയ യുഎസ് സന്ദർശനത്തിൽ 22,89,68,509 രൂപയും 2024 സെപ്റ്റംബറിൽ നടത്തിയ സന്ദർശനത്തിൽ 15,33,76,348 രൂപയും ആണ് ചിലവഴിച്ചതെന്ന് വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ രാജ്യസഭയിൽ പറഞ്ഞു. കഴിഞ്ഞ രണ്ടര വർഷത്തിനിടെ പ്രധാനമന്ത്രി നടത്തിയ വിദേശ യാത്രയുടെ വിവരങ്ങൾ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് രാജ്യസഭയിൽ ഉന്നയിച്ചത്. ഹോട്ടൽ താമസം, കമ്മ്യൂണിറ്റി സ്വീകരണങ്ങൾ, ഗതാഗതം, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ ഉൾപ്പെടെ ഓരോ സന്ദർശനത്തിനുമുള്ള ചെലവുകളുടെ വിവരങ്ങൾ നൽകണമെന്ന് ഖര്‍ഗെ ആവശ്യപ്പെട്ടു.