ഓട്ടവ : യുഎസിൽ നിന്നുള്ള താരിഫ് ഭീഷണിക്കിടെ മാർച്ചിൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് 33,000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണിത്. അതേസമയം തൊഴിലില്ലായ്മ നിരക്ക് വീണ്ടും ഉയർന്നതായി ഫെഡറൽ ഏജൻസി അറിയിച്ചു. ഫെബ്രുവരിയിലെ 6.6 ശതമാനത്തിൽ നിന്നും മാർച്ചിൽ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി ഉയർന്നതായി ഏജൻസി പറയുന്നു.

62,000 ഫുൾ ടൈം ജോലികൾ ഈ മാസത്തിൽ നഷ്‌ടപ്പെട്ടു, ഇത് പാർട്ട് ടൈം ജോലിയിലെ നേട്ടം കൊണ്ട് നികത്തപ്പെട്ടു. മൊത്ത, ചില്ലറ വ്യാപാര മേഖലയിൽ മാർച്ചിൽ 29,000 തൊഴിലവസരങ്ങൾ നഷ്‌ടപ്പെട്ടു, ഫെബ്രുവരിയിലെ 51,000 വർധന ഭാഗികമായി നികത്തി. ഇൻഫർമേഷൻ, കൾച്ചർ, റിക്രിയേഷൻ മേഖലകളിൽ 20,000 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. തൊഴിലവസരങ്ങളിലെ ഇടിവ് കഴിഞ്ഞ വർഷം അവസാനത്തിലും ജനുവരിയിലും സമ്പദ്‌വ്യവസ്ഥ നേടിയ ചില നേട്ടങ്ങൾക്ക് തിരിച്ചടിയായി. കാനഡയിലെ തൊഴിൽ വിപണി ജനുവരിയിൽ ഉണർവ് പ്രകടിപ്പിച്ചെങ്കിലും കഠിനമായ ശൈത്യകാല കാലാവസ്ഥയ്ക്കും സാമ്പത്തിക അനിശ്ചിതത്വത്തിനും ഇടയിൽ ഫെബ്രുവരിയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള താരിഫുകൾ കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നത് മാർച്ചിലെ തൊഴിലില്ലായ്മ നിരക്കിൽ പ്രകടമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നു. ആഗോള വ്യാപാര പങ്കാളികൾക്കും വിദേശ വാഹന ഇറക്കുമതിക്കും മേൽ കുത്തനെയുള്ള താരിഫുകൾ ചുമത്തുന്നതിനുള്ള ഉത്തരവുകളിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു.
