ടൊറൻ്റോ : പ്രവിശ്യയില്‍ അഞ്ചാംപനി പടർന്നു പിടിച്ചതോടെ കർശന നടപടി സ്വീകരിച്ച് ഒൻ്റാരിയോ സ്കൂളുകൾ. പൂർണ്ണമായി വാക്സിനെടുക്കാത്ത വിദ്യാര്‍ത്ഥികളെ സ്കൂളുകളിൽ നിന്നും സസ്‌പെന്‍ഡ് ചെയ്യാൻ ആരംഭിച്ചതായി റിപ്പോർട്ട്. പ്രവിശ്യയിലെ ഇമ്മ്യൂണൈസേഷന്‍ റെക്കോര്‍ഡ് സിസ്റ്റം ഡിജിറ്റൈസ് ചെയ്യണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നതോടെയാണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ പുറത്താക്കാനുള്ള തീരുമാനത്തിൽ എത്തിയത്.

ഏകദേശം 10,000 വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വാക്സിനേഷൻ വിവരങ്ങൾ വ്യക്തമായി അറിയില്ലെന്ന് ടൊറൻ്റോ പബ്ലിക് ഹെല്‍ത്ത് പറയുന്നു. ഗ്രേഡ് 11-ലെ 173 വിദ്യാര്‍ത്ഥികളുടെ ആദ്യ ഗ്രൂപ്പിനെ ചൊവ്വാഴ്ച സസ്‌പെന്‍ഡ് ചെയ്തതായും പബ്ലിക് ഹെല്‍ത്ത് പറഞ്ഞു. മൊത്തം 574 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടികള്‍ മെയ് വരെ തുടരുമെന്നും ആരോഗ്യവകുപ്പ് പറയുന്നു. ഇമ്യൂണൈസേഷന്‍ ഓഫ് സ്‌കൂള്‍ പ്യൂപ്പിള്‍സ് ആക്ട് പ്രകാരം അഞ്ചാംപനി, വില്ലന്‍ ചുമ, ടെറ്റനസ് എന്നിവയുള്‍പ്പെടെയുള്ള വിവിധ രോഗങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്.