ഓട്ടവ: ഈ വർഷം അവസാനത്തോടെ മൂന്ന് പ്രമുഖ ആഗോള വ്യാപാര കരാറുകളിൽ ഒപ്പിടാൻ കാനഡ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ഇന്ത്യ, തെക്കേ അമേരിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ Mercosur, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയായ ആസിയാൻ (ASEAN) എന്നിവയുമായാണ് കാനഡ നിർണ്ണായകമായ ചർച്ചകൾ നടത്തുന്നത്. അമേരിക്കയ്ക്ക് പുറമെ ഇതര രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വിപുലീകരിക്കുക എന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് അന്താരാഷ്ട്ര വ്യാപാര മന്ത്രി മനീന്ദർ സിദ്ധു വ്യക്തമാക്കി.
ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ വാണിജ്യ മന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള വലിയൊരു സംഘം മെയ് മാസാവസാനം കാനഡ സന്ദർശിക്കും. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾക്കായി യുറേനിയം, പൊട്ടാഷ് തുടങ്ങിയവ കാനഡയിൽ നിന്ന് എത്തിക്കുന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. മറ്റ് വൻകിട രാജ്യങ്ങൾ ഇതിനകം ഇന്ത്യയുമായി കരാറുകളിൽ ഏർപ്പെട്ട സാഹചര്യത്തിൽ, കനേഡിയൻ ബിസിനസുകളുടെ മത്സരക്ഷമത നിലനിർത്താൻ ഇന്ത്യയുമായുള്ള പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ രാജ്യങ്ങളുമായി 20 ഓളം പ്രതിരോധ-വ്യാപാര കരാറുകളിൽ കാനഡ ഒപ്പുവെച്ചിട്ടുണ്ട്. അർജന്റീനയുമായുള്ള ഖനന-ഊർജ്ജ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ പുരോഗമിക്കുകയാണ്. വെറുമൊരു കരാർ എന്നതിലുപരി കനേഡിയൻ ജനതയ്ക്കും സാമ്പത്തിക മേഖലയ്ക്കും കൃത്യമായ ലാഭം ഉറപ്പാക്കുന്ന നിബന്ധനകളോടെ മാത്രമേ ഈ കരാറുകൾ പൂർത്തിയാക്കുകയുള്ളൂ എന്ന് സർക്കാർ അറിയിച്ചു.
