ജെറുസലേം: ഇസ്രയേൽ നാവികസേന തടഞ്ഞുവെച്ച ഗാസ സഹായ കപ്പലിലെ രണ്ട് കാനഡ സ്വദേശികളെ വിട്ടയച്ചതായി റിപ്പോർട്ട്. ഗാസയിലേക്കുള്ള ഉപരോധം ലംഘിച്ച് സഹായമെത്തിക്കാൻ ശ്രമിച്ച ‘ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല’ (Global Sumud Flotilla) എന്ന സംഘടനയുടെ കപ്പലിലുണ്ടായിരുന്ന മേരി ടോട്ട, ഉമിർ തിയാർ എന്നിവരെയാണ് വിട്ടയച്ചത്. മെഡിക്കൽ പരിശോധനകൾക്കായി ഇവരെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘത്തിലുണ്ടായിരുന്ന ലൂയിസ നൂറ എന്ന മൂന്നാമത്തെ കാനഡ സ്വദേശി സഞ്ചരിച്ചിരുന്ന ബോട്ട് തകർന്നതിനെ തുടർന്ന് കടലിൽ കുടുങ്ങിയെങ്കിലും ഗ്രീൻപീസ് ഉൾപ്പെടെയുള്ള സംഘടനകൾ ചേർന്ന് ഇവരെ രക്ഷപ്പെടുത്തി.
അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് ഇസ്രയേൽ നാവികസേന തങ്ങളുടെ കപ്പലുകൾ തടഞ്ഞുവെന്നും ക്രൂരമായ നടപടികളാണ് ഉണ്ടായതെന്നും പ്രവർത്തകർ ആരോപിക്കുന്നു. വിട്ടയക്കപ്പെട്ട ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ, കപ്പലിനുള്ളിൽ തങ്ങളെ മനുഷ്യത്വരഹിതമായ സാഹചര്യത്തിലാണ് പാർപ്പിച്ചതെന്ന് ഉമിർ തിയാർ പറഞ്ഞു. കപ്പലിന്റെ തറയിൽ മനഃപൂർവ്വം വെള്ളം നിറച്ചുവെന്നും പലരെയും ഒറ്റപ്പെട്ട ഇടങ്ങളിലേക്ക് മാറ്റിയെന്നും ഇവർ ആരോപിച്ചു. ചിലർക്ക് മർദ്ദനമേറ്റതായും റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ചുള്ള വെടിവെപ്പ് ഉണ്ടായതായും ഇവർ വെളിപ്പെടുത്തി.

അതേസമയം, ഗാസയിലേക്കുള്ള ഉപരോധം ലംഘിക്കാൻ ശ്രമിച്ച കപ്പലിലുണ്ടായിരുന്ന രണ്ട് പേരൊഴികെ മറ്റെല്ലാവരെയും വിട്ടയച്ചതായി ഇസ്രയേൽ അറിയിച്ചു. പലസ്തീൻ വംശജനായ സ്പാനിഷ്-സ്വീഡിഷ് പൗരനെയും ഒരു ബ്രസീൽ പൗരനെയുമാണ് കൂടുതൽ ചോദ്യം ചെയ്യലിനായി ഇസ്രയേൽ തടഞ്ഞുവെച്ചിരിക്കുന്നത്. പ്രവർത്തകർ ഉന്നയിച്ച പീഡനാരോപണങ്ങളോട് ഇസ്രയേൽ അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, കപ്പലിലുണ്ടായിരുന്നവർക്ക് പരുക്കുകളൊന്നും ഏറ്റിട്ടില്ലെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ നേരത്തെ പ്രസ്താവിച്ചിരുന്നു.
