ഓട്ടവ: കാനഡയുടെ വിദേശനയത്തിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്നതിനിടെ അർമേനിയ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി മാർക്ക് കാർണി. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ തലസ്ഥാനമായ യെരേവാനിൽ നടക്കുന്ന യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി ഉച്ചകോടിയിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. യുക്രെയ്നിന്റെ പ്രതിരോധം, യൂറോപ്പുമായുള്ള വ്യാപാര-നിക്ഷേപങ്ങൾ വർധിപ്പിക്കുക എന്നിവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യൂറോപ്പിന് പുറത്തുനിന്ന് ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആദ്യ രാജ്യമാണ് കാനഡ.
മുൻപ് അർമേനിയയിലെ ജനാധിപത്യത്തെയും സമാധാനത്തെയും പിന്തുണയ്ക്കുന്നതിൽ കാനഡ വഹിച്ചിരുന്ന മുൻനിര പങ്ക് ഇപ്പോൾ കുറയുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മാനുഷിക മൂല്യങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും മുൻഗണന നൽകുന്നതിന് പകരം സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾക്കും വ്യാപാര കരാറുകൾക്കും മാത്രമാണ് കാർണി സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് യൂണിവേഴ്സിറ്റി ഓഫ് ഓട്ടവയിലെ പ്രൊഫസർ ജീൻ ഫ്രാങ്കോയിസ് റേറൽ അഭിപ്രായപ്പെട്ടു. അർമേനിയയും അസർബൈജാനും തമ്മിലുള്ള തർക്കങ്ങളിൽ കാനഡയുടെ ഇടപെടൽ ഇപ്പോൾ പരിമിതമാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, യുക്രെയ്ൻ, യുകെ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെ നേരിൽ കണ്ട് പുതിയ പ്രതിരോധ-വ്യാപാര പദ്ധതികൾക്ക് രൂപം നൽകാനാണ് മാർക്ക് കാർണി ഈ അവസരം ഉപയോഗിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ശേഷം രൂപീകൃതമായ ഈ ഉച്ചകോടിയിൽ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. നേരത്തെ ജസ്റ്റിൻ ട്രൂഡോ 2018-ലാണ് അർമേനിയ സന്ദർശിച്ചത്. ഇതിന് പിന്നാലെ ജൂലൈയിൽ തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കാൻ നിശ്ചയിച്ചിട്ടുണ്ട്.
