ടൊറൻ്റോ : നഗരത്തിലെ ലിബർട്ടി വില്ലേജിലും ഫോർട്ട് യോർക്കിലും മാസങ്ങളായി അശാന്തി പരത്തിയ രണ്ടു കയോടികളെ ദയാവധം ചെയ്തതായി ടൊറൻ്റോ സിറ്റി അധികൃതർ അറിയിച്ചു. അഞ്ച് നായ്ക്കളെ ആക്രമിച്ച് കൊന്നതിനും നൂറിലധികം ആക്രമണങ്ങൾക്കും ശേഷമാണ് ഈ നടപടി. മൃഗങ്ങളെ കൊല്ലുന്നത് അവസാനമാർഗ്ഗം മാത്രമാണെന്നും സിറ്റി പറയുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി കയോടി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഇതിനൊരു പരിഹാരം കണ്ടെത്തുന്നതിനായി സിറ്റി ഒരു വിദഗ്ദ്ധ പാനലിനെ നിയമിച്ചിരുന്നു. നഗരത്തിലുടനീളം റിപ്പോർട്ട് ചെയ്ത ആക്രമ സംഭവങ്ങളിൽ ഭൂരിഭാഗത്തിനും പ്രദേശത്ത് കണ്ടെത്തിയ നാല് കയോടികളിൽ ഒന്നാണ് ഉത്തരവാദിയെന്ന് തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചിരുന്നു. ഇതിൽ രണ്ടെണ്ണത്തിനെയാണ് ഇപ്പോൾ പിടികൂടി ദയാവധത്തിന് ഇരയാക്കിയത്. ശേഷിക്കുന്ന രണ്ട് കയോടികളിൽ ഒന്ന് പ്രദേശം വിട്ടുപോയതായി കണക്കാക്കുന്നു. മറ്റൊന്നിന് ഈ പ്രദേശത്ത് അടുത്തിടെ കണ്ടിട്ടില്ലെന്നും സിറ്റി അധികൃതർ അറിയിച്ചു.