Tuesday, July 7, 2026

കാനഡയിലെ ഇലക്ട്രിക് വാഹന വ്യവസായം പ്രതിസന്ധിയിലേക്ക്?

ഓട്ടവ : കാനഡയിലെ ഇലക്ട്രിക് വാഹന (EV) വ്യവസായം പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. അമേരിക്കയുടെ പുതിയ താരിഫ് നയങ്ങളെക്കുറിച്ചുള്ള ഭീതിയും, വൻകിട നിക്ഷേപങ്ങൾ കുറയുന്നതും വ്യവസായത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് വിദഗ്ദർ വിലയിരുത്തുന്നു.

ഹോണ്ട തങ്ങളുടെ 1500 കോടി ഡോളറിൻ്റെ ഒൻ്റാരിയോയിലെ EV ബാറ്ററി പ്ലാന്റ് പദ്ധതി രണ്ടുവർഷത്തേക്ക് നിർത്തിവച്ചത് വ്യവസായത്തിന് തിരിച്ചടിയായി. ഒന്നിലധികം ബാറ്ററി പ്ലാന്റുകളും, കനേഡിയൻ നിർമ്മിത EV പാർട്സ് വിതരണ ശൃംഖലയും ഈ നിക്ഷേപത്തിൽ ഉൾപ്പെട്ടിരുന്നു. സ്റ്റെല്ലാൻ്റിസ്, ഫോക്സ് വാഗൺ തുടങ്ങിയ മറ്റ് വലിയ EV പദ്ധതികളെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം.

2025-ൽ EV വാഹനങ്ങളുടെ വിൽപ്പനയിൽ കാര്യമായ കുറവുണ്ടായതായി ഐവി ബിസിനസ് സ്കൂളിലെ പ്രൊഫസർ ഗാൽ റാസ് അഭിപ്രായപ്പെട്ടു. ഫെഡറൽ ഗവൺമെൻ്റിൻ്റെ EV സബ്സിഡി പദ്ധതി അവസാനിപ്പിച്ചതും, കെബെക്ക്, ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളിൽ സബ്സിഡികൾ വെട്ടിക്കുറച്ചതും, ഒൻ്റാരിയോയിൽ 2018 മുതൽ സബ്സിഡി ഇല്ലാത്തതും വിൽപ്പന കുറയാൻ കാരണമായി.

അതേസമയം, പുതിയ വ്യവസായ മന്ത്രി മെലനി ജോളി ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടിരുന്നു. ജിഎം, ഫോർഡ്, സ്റ്റെല്ലാൻ്റിസ് എന്നീ കമ്പനികളുടെ സിഇഒമാരുമായി ഉടൻ ചർച്ച നടത്തുമെന്ന് അവർ അറിയിച്ചു. ഹോണ്ടയുടെ തീരുമാനത്തെക്കുറിച്ച് കമ്പനി മേധാവിയുമായി സംസാരിച്ചെന്നും, ജീവനക്കാർക്ക് തൊഴിൽ നഷ്ടം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സ്റ്റെല്ലാൻ്റിസും എൽജി എനർജി സൊല്യൂഷനും ചേർന്ന് വിൻസറിൽ സ്ഥാപിക്കുന്ന നെക്സ്റ്റ് സ്റ്റാർ എനർജി ബാറ്ററി പ്ലാന്റ് ഈ വർഷം ഉത്പാദനം ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. ഫോക്സ് വാഗൺ-പവർകോയുടെ പ്ലാന്റ് 2027-ൽ പ്രവർത്തനം തുടങ്ങും. എന്നാൽ ഇവിടുത്തെ ബാറ്ററികൾ പ്രധാനമായും അമേരിക്കയിലെ വാഹനങ്ങൾക്കായാണ് നിർമ്മിക്കുക എന്നത് ശ്രദ്ധേയമാണ്.

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫ് നയങ്ങൾ കാനഡയുടെ വാഹന വ്യവസായത്തിന് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. ഇത് ഫോക്സ് വാഗണിനെപ്പോലും തങ്ങളുടെ കാനഡയിലെ നിക്ഷേപം പുനഃപരിശോധിക്കാൻ പ്രേരിപ്പിച്ചേക്കാം എന്ന് ഗാൽ റാസ് മുന്നറിയിപ്പ് നൽകുന്നു. അടുത്ത നാല് വർഷത്തിനുള്ളിൽ അമേരിക്കൻ ഭരണകൂടത്തിൽ എന്ത് മാറ്റങ്ങൾ സംഭവിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2035-ഓടെ 100% സീറോ എമിഷൻ വാഹനങ്ങൾ എന്ന ലക്ഷ്യം കൈവരിക്കാൻ കാനഡയ്ക്ക് പുതിയ ഉപഭോക്തൃ പ്രോത്സാഹന പദ്ധതികളും, ശക്തമായ ഒരു EV ഘടക വിതരണ ശൃംഖലയും അനിവാര്യമാണെന്ന് വ്യവസായ വിദഗ്ധർ ഒരേ സ്വരത്തിൽ പറയുന്നു. സർക്കാർ തലത്തിൽ നിന്നുള്ള തുടർച്ചയായ പിന്തുണ ഈ മേഖലയ്ക്ക് അത്യന്താപേക്ഷിതമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!