ടൊറൻ്റോ : ഹാമിൽട്ടണിൽ ഇന്ത്യൻ വംശജയുടെ കൊലപാതകത്തിൽ ലിവ്-ഇൻ പാർട്ണർ അറസ്റ്റിൽ. കഴിഞ്ഞ വർഷം ഡിസംബർ 10 മുതൽ കാണാതായ ഇന്ത്യൻ വംശജ 40 വയസ്സുള്ള ശാലിനി സിങ്ങിന്‍റെ മൃതദേഹാവശിഷ്ടങ്ങൾ മാലിന്യക്കൂമ്പാരത്തിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അവരുടെ ലിവ്-ഇൻ പാർട്ണർ ജെഫ്രി സ്മിത്ത് (42)നെ അറസ്റ്റ് ചെയ്തതെന്ന് ഹാമിൽട്ടൺ പൊലീസ് അറിയിച്ചു.

ശാലിനി സിങ്ങിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 24-ന് ഹാമിൽട്ടണിനടുത്തുള്ള കാലിഡോണിയയിലുള്ള ഗ്ലാൻബ്രൂക്ക് ലാൻഡ്ഫിൽ പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. മെയ് 21-ന്, ഈ സ്ഥലത്ത് നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി. തുടർന്ന് ഡിഎൻഎ പരിശോധനയിൽ മനുഷ്യാവശിഷ്ടങ്ങൾ ശാലിനി സിങ്ങിന്റേതാണെന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. താമസിയാതെ, അവരുടെ ലിവ്-ഇൻ പാർട്ണർ ജെഫ്രി സ്മിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

2024 ഡിസംബർ 4-ന് ജെഫ്രി സ്മിത്തിനൊപ്പം താമസിച്ചിരുന്ന അപ്പാർട്ട്മെൻ്റിൽ വച്ച് അവർ അമ്മ അനിത സിങ്ങിനോട് ഫോണിൽ സംസാരിച്ചിരുന്നതായും തുടർന്നാണ് ശാലിനി കൊല്ലപ്പെട്ടതെന്നും പൊലീസ് പറയുന്നു. കെട്ടിടത്തിലും സമീപത്തുമുള്ള നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം, ഡിസംബർ 4-ന് ശേഷം ശാലിനി സിങ് ഒരിക്കലും കെട്ടിടം വിട്ടുപോയിട്ടില്ലെന്നും അതിനുശേഷം ഉടൻ തന്നെ അവർ കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ശാലിനിയുടെ മൃതദേഹാവശിഷ്ടങ്ങൾ മാലിന്യ നിർമാർജന സംവിധാനം വഴി കെട്ടിടത്തിൽ നിന്ന് നീക്കം ചെയ്തതായിരിക്കുമെന്ന് അധികൃതർ പറയുന്നു. കെട്ടിടത്തിലെ മാലിന്യം ഗ്ലാൻബ്രൂക്ക് ലാൻഡ്‌ഫില്ലിലേക്ക് മാറ്റുന്നതിനാൽ മാസങ്ങളോളം ഈ പ്രദേശം അരിച്ചുപെറുക്കിയ ശേഷം, മെയ് 21-ന് ഉദ്യോഗസ്ഥർ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി.