മൺട്രിയോൾ : നഗരമധ്യത്തിലെ ഷോപ്പിങ് മാൾ വാഷ്റൂമുകളിൽ കാമറകൾ സ്ഥാപിച്ചത് ആശങ്കകൾക്കിടയാക്കുന്നതായി റിപ്പോർട്ട്. കാമറകൾ സ്റ്റാളുകളിലേക്ക് തിരിഞ്ഞാണോ സ്ഥാപിച്ചിരിക്കുന്നതെന്ന് ഉപഭോക്താക്കൾ സംശയം പ്രകടിപ്പിച്ചു. എന്നാൽ, സുരക്ഷാ ജീവനക്കാർക്ക് ഈ ഭാഗത്തു നടക്കുന്ന കാര്യങ്ങൾ ‘കാണാൻ അനുവാദമുണ്ടെ’ന്ന മറുപടിയാണ് ഇതേത്തുടർന്ന് ലഭിച്ചതെന്ന് മാൾ വാഷ്റൂം സന്ദർശിച്ച മാഡിഗൻ ആൻ്റ്സുയി എന്ന ഉപഭോക്താവ് പറഞ്ഞു.

അതേസമയം, കാമറകൾ സ്റ്റാളുകളിലേക്ക് തിരിഞ്ഞല്ല, മറിച്ച് സിങ്കുകളിലേക്കാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉപഭോക്താക്കളെ അറിയിക്കുന്ന സൂചനാ ബോർഡുകൾ വെച്ചിട്ടുണ്ടെന്നും മാനേജ്മെന്റ് വ്യക്തമാക്കി. കാമറകൾ നിയമപരമാണെങ്കിലും, അത്തരം സ്ഥലങ്ങളിൽ അവയുടെ ഉപയോഗത്തിന് കർശനമായ നിയമങ്ങളുണ്ടെന്ന് അഭിഭാഷകൻ ജൂലിയസ് ഗ്രേ പറയുന്നു. റെക്കോർഡിംഗുകൾ അതീവ രഹസ്യസ്വഭാവമുള്ളതായിരിക്കണമെന്നും, വേഗത്തിൽ കണ്ട് നശിപ്പിക്കണമെന്നും, കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത വിവരങ്ങൾ പൊതുജനങ്ങൾക്ക് ചോർത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
