യെല്ലോ നൈഫ് : ഫോർട്ട് പ്രൊവിഡൻസ് കമ്മ്യൂണിറ്റിയിൽ കത്തിക്കൊണ്ടിരിക്കുന്ന കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നതായി നോർത്ത് വെസ്റ്റ് ടെറിറ്ററീസ് സർക്കാർ അറിയിച്ചു. കാട്ടുതീ കാരണം കമ്മ്യൂണിറ്റിയിൽ നിന്നും ഒഴിപ്പിച്ച 700 താമസക്കാർക്കായി പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നതായി ഫോർട്ട് പ്രൊവിഡൻസ് നേതൃത്വം പറയുന്നു. അതേസമയം തീപിടുത്തത്തിൽ വീടുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 31-നാണ് കാട്ടുതീ കണ്ടെത്തിയത്. ഓഗസ്റ്റിൽ ഒഴിപ്പിക്കപ്പെട്ട നോർത്ത് വെസ്റ്റ് ടെറിറ്ററീസിലെ രണ്ടാമത്തെ പ്രധാന കമ്മ്യൂണിറ്റിയായിരുന്നു ഫോർട്ട് പ്രൊവിഡൻസ്.

അതേസമയം കാട്ടുതീ കാരണം പലായനം ചെയ്യാൻ നിർബന്ധിതരായ വാട്ടിയിലെ ഏകദേശം 600 നിവാസികൾക്ക് ഒരാഴ്ചയ്ക്ക് ശേഷം വെള്ളിയാഴ്ച വീടുകളിലേക്ക് മടങ്ങാൻ അനുവാദം ലഭിച്ചു. കാട്ടുതീ പുക മൂടിയതോടെ നോർത്ത് വെസ്റ്റ് ടെറിറ്ററീസിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷമായതായി എൻവയൺമെൻ്റ് കാനഡ റിപ്പോർട്ട് ചെയ്തിരുന്നു.
