ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനിയുടെ വിലാപയാത്രയ്ക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഭീഷണിസന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി വൻ ജനക്കൂട്ടം. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം പുറത്തുവിട്ട ദൃശ്യങ്ങളിൽ, ട്രംപിനെ ലക്ഷ്യമിട്ടുള്ള പ്രകോപനപരമായ സന്ദേശങ്ങളുള്ള ബാനറുകൾ പ്രതിഷേധക്കാർ ഉയർത്തിപ്പിടിക്കുന്നതായി കാണാം.
“രക്തസാക്ഷിയായ ഖമേനിയുടെ ചോരയ്ക്ക് പ്രതികാരം” എന്ന സന്ദേശത്തോടെയാണ് ഇറാൻ മാധ്യമങ്ങൾ വിലാപയാത്രയുടെ ദൃശ്യങ്ങൾ പങ്കുവെച്ചത്. ഇറാൻ ദേശീയ പതാകകളും ഷിയാ പാരമ്പര്യത്തിന്റെ ഭാഗമായ ചുവപ്പും പച്ചയും നിറങ്ങളിലുള്ള കൊടികളും ഉയർത്തിപ്പിടിച്ചാണ് ലക്ഷക്കണക്കിന് ആളുകൾ ടെഹ്റാനിലെ വിലാപയാത്രയിൽ പങ്കെടുത്തത്.

ചടങ്ങിനിടെ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ശക്തമായ പ്രതിഷേധ മുദ്രാവാക്യങ്ങളും ഉയർന്നു. ചിലർ പ്രതികാരാഹ്വാനങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളും പ്രദർശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ആയത്തുല്ല അലി ഖമേനിയുടെ മരണത്തെ തുടർന്ന് ടെഹ്റാനിൽ ആരംഭിച്ച വിലാപച്ചടങ്ങുകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വലിയ ജനാവലിയാണ് പങ്കെടുത്തത്. ചടങ്ങുകൾക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
